മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും കുറക്കുന്നു

മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും കുറക്കുന്നു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും കുറക്കുന്നു. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ട്രായ് ശ്രമിക്കുന്നത്.
ജിയോയുടെ കടന്നുവരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ജിയോ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഏത് നെറ്റ് വര്‍ക്കിലേക്കും സൗജന്യ വോയ്‌സ് കോളുകളാണ് നല്‍കുന്നത്. ഇതോടെയാണ് ഐയുസിയില്‍ കുറവു വരുത്താന്‍ ട്രായ് തീരുമാനിച്ചത്.
ജിയോ കടന്നുവരുന്നതിന് മുമ്പ് ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ ഐയുസി ഇനത്തില്‍ കോടികളാണ് ഉപഭോക്താക്കളില്‍ നിന്ന് നേടിയിരുന്നത്.
രാജ്യത്തെ ടെലികോം ഭീമനായ എയര്‍ടെല്‍ കഴിഞ്ഞവര്‍ഷം ഐയുസി ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് നേടിയത് 10,279 കോടി രൂപയാണ്. മാത്രമല്ല നിലവില്‍ ഈടാക്കുന്ന തുകയില്‍ വര്‍ധനവ് വരുത്തണമെന്ന പക്ഷക്കാരായിരുന്നു എയര്‍ടെല്‍.
ഇതാവശ്യപ്പെട്ട് അവര്‍ ട്രായ് ചെയര്‍മാന് കത്തയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് നിരക്ക് വീണ്ടും കുറ്ക്കാന്‍ ട്രായ് തയ്യാറെടുക്കുന്നത്. അങ്ങനെയാണെങ്കില്‍ വോയിസ് കോളുകള്‍ക്ക് ഈടാക്കുന്ന നിരക്ക് വീണ്ടും കുത്തനെ കുറയും.
നിലവില്‍ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളില്‍ നിന്ന് ഐയുസിയായി മൊബൈല്‍ സേവന ദാതാക്കള്‍ ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇത് ഏഴ് പൈസയും പിന്നീട് മൂന്ന് പൈസയുമായി കുറയക്കാനാണ് ആലോചിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close