ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി

ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി

 

കോട്ടയം: ക്ഷീരമേഖലയില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചു. റിട്ട. ഐഎഎസ് ഓഫീസര്‍ ലിഡ ജേക്കബ് ചെയര്‍പേഴ്‌സണും ക്ഷീരവികസന വകുപ്പ് മുന്‍ ഡയറക്ടര്‍ ജോര്‍ജുകുട്ടി ജേക്കബ് സെക്രട്ടറിയുമായുള്ള സമിതി ചുമതലയേറ്റു. പാല്‍വില ചാര്‍ട്ട് പരിഷ്‌കരണവും മില്‍മയുടെ പുനഃസംഘടനയുമാണ് മുഖ്യ പഠനവിഷയങ്ങള്‍. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ഇപ്പോള്‍ ഒരു ഫെഡറേഷനും മൂന്നു മേഖലാ യൂണിയനുമുള്ള മില്‍മയുടെ മേഖലാ യൂണിയനുകള്‍ ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്. പാലിന്റെ വില നിശ്ചയിക്കുന്നതിനുള്ള ചാര്‍ട്ടില്‍ പരിഷ്‌കരണമുണ്ടായാല്‍ കര്‍ഷകര്‍ക്ക് വലിയ സഹായമായിരിക്കും. ഇപ്പോഴത്തെ പാല്‍വില ചാര്‍ട്ട് 1954ലെ ഭക്ഷ്യസുരക്ഷാ നിയമത്തിനനുസരിച്ചുള്ളതാണ്. ആറു പതിറ്റാണ്ടു പിന്നിട്ടപ്പോള്‍ ക്ഷീരമേഖലയിലേക്ക് അത്യുത്പാദനശേ!ഷിയുള്ള സങ്കരയിനം പശുക്കള്‍ കടന്നുവന്നു. പാലിന്റെ അളവ് വര്‍ധിക്കുന്തോറും അതിലടങ്ങിയിരിക്കുന്ന ഖരപദാര്‍ഥങ്ങള്‍ വിഭജിച്ചുപോകുന്നതിനാല്‍ റീഡിംഗില്‍ പാലിന്റെ കൊഴുപ്പു കുറയാം. അത് കര്‍ഷകരുടെ കുറ്റമാണെന്നാണ് പൊതുവെയുള്ള ധാരണ. പാല്‍വില ചാര്‍ട്ടിലെ അപാകത ചൂണ്ടിക്കാട്ടി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് 2014 ഓഗസ്റ്റില്‍ പാലാ രാമപുരം സ്വദേശി ജീമോന്‍ കാരാടി തിരുവനന്തപുരം ക്ഷീരഭവന്റെ മുന്നില്‍ പശുക്കളുമായി ഒറ്റയാള്‍ സമരം നടത്തിയിരുന്നു. ചാര്‍ട്ടിലെ അപാകതയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് ക്ഷീരവികസന വകുപ്പ് ഉറപ്പു നല്കിയതിന്റെ അടിസ്ഥാനത്തില്‍ 21 ദിവസത്തെ സമരം ജീമോന്‍ പിന്‍വലിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close