മനുഷ്യരുടെ പെരുമാറ്റങ്ങളെയും ചിന്തകളെയും വിശദമായി മനസ്സിലാക്കി നിരുപണം നടത്തുന്ന വിദ്യയാണ് മെന്റലിസം.
മെന്റലിസം മലയാളികള്‍ക്കിടയില്‍ പ്രചാരം നേടിയിട്ട് ചുരുങ്ങിയ വര്‍ഷങ്ങളേ ആയുള്ളൂ. മന:ശ്ശാസ്ത്രവും മാജിക്കും ഉപയോഗപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുന്ന ഈ കലാരൂപം സൈക്കോളജിയുടെ വിനോദപരമായ ഉപയോഗം എന്ന് പറഞ്ഞാലും തെറ്റാവില്ല.
1980കളില്‍ യൂറോപ്പില്‍ ഉടലെടുത്ത സൈക്കിക് റീഡിങ്ങാണ് മെന്റെലിസത്തിന്റെ പൂര്‍വ്വ രൂപം. ഭൂത പ്രേതങ്ങളുടെ സഹായം കൊണ്ട് മനുഷ്യരുടെ ഉള്ളിലുള്ള കാര്യങ്ങള്‍ പ്രവചിക്കുന്നവരെന്ന് അവകാശപ്പെടുന്ന ഇവര്‍ സൈക്കിക് റീഡേഴ്സെന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതേക്കുറിച്ച് പിന്നീട് നടന്ന പഠനങ്ങളിലാണ് ഇത് ഒരാളുടെ മനസിലുള്ള കാര്യങ്ങള്‍ അയാളറിയാതെ പറയാനുള്ള വിദ്യയാണെന്ന് തെളിഞ്ഞത്.
മെന്റലിസത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച യുവാവാണ് പ്രീത്ത് അഴിക്കോട്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് കൊട്ടാരത്തുംപാറയിലെ വിസമയത്തില്‍ കെ പ്രഭാകരന്റെയും എ ഭാനുമതിയമ്മയുടെയും മകനായാണ് പ്രീത്തിന്റെ ജനനം.
ജോലിമായി ബന്ധപ്പെട്ട് ഏഴ് വര്‍ഷമായി തിരുവനന്തപുരം പൂജപ്പുരയിലാണ് താമസം.
കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ പോലും പ്രസിദ്ധനാണ് പ്രീത്ത്. ഏറ്റവും വേഗമേറിയ മൈന്‍ഡ് റീഡര്‍ എന്ന ബഹുമതിയോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്.
2018ലെ റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ജേതാക്കളെയും സ്‌കോറും ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പേ പ്രവചിച്ചതും 2014ലെ ലോകസഭ ഇലക്ഷന്‍ ഫലം പ്രസിദ്ധീകരിച്ച ആറു പത്രങ്ങളുടെ തലക്കെട്ടുകള്‍ 15 ദിവസം മുമ്പേ പ്രവചിച്ചതും പ്രീത്തിന്റെ പേരുംപെരുമയും വാനോളം ഉയര്‍ത്തിയ സംഭവങ്ങളാണ്.
ഓണ്‍ലൈനിലൂടെ മനസ്സ് വായന നടത്തുന്ന ലോകത്തിലെ ആദ്യത്തെ മെന്റലിസ്റ്റും പ്രീത്ത് തന്നെ.
ആരോഗ്യ വകുപ്പിന്റെയും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ചും റോഡുകളുടെ ശോച്യാവസ്ഥക്കെതിരെയും കണ്ണുമൂടിക്കെട്ടിയുള്ള ബൈക്ക് യാത്ര പ്രീത്തിനെ ഏറെ ജനകീയനാക്കി.
ഭാര്യ ഷിജിന നല്ലൊരു ബലൂണ്‍ ആര്‍ടിസ്റ്റാണ്. ഏറ്റവുമധികം ബലൂണ്‍ രൂപങ്ങള്‍ ഉണ്ടാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയിരുന്നു ഷിജിന. ഏഷ്യയിലെ തന്നെ ആദ്യത്തെ ബലൂണ്‍ ഡ്രസ് ഫാഷന്‍ ഷോ നടത്തി ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിലും ഷിജിന തന്റെ പേരെഴുതിച്ചേര്‍ത്തു.
നാലാംക്ലാസുകാരിയായ മകള്‍ ജ്വാലക്കുമുണ്ട് പേരും പ്രശസ്തിയും. മാജിക്കും ബലൂണ്‍ ആര്‍ട്സും ചെയ്യുന്ന ജ്വല രണ്ടര വയസ്സുകാരിയായിരുന്നപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയിരുന്നു.
മെന്റലിസത്തിന്റെ മായാലോകത്തിലേക്ക് വെളിച്ചം വീശുന്ന ഒരു വീഡിയോ.
തുടര്‍ന്ന് കാണൂ…