ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (മെഡിസെപ്) ഓഗസ്റ്റ് ഒന്നിന് നിലവില്‍വരും. അന്നുമുതല്‍ ഉണ്ടാകുന്ന ചികിത്സ ചെലവുകള്‍ക്ക് കവറേജ് ലഭിക്കും. അവയവങ്ങള്‍ മാറ്റിവെക്കുന്നതിനടക്കം വിപുലമായ പരിരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടും. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ധന അഡീഷനല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി ഉത്തരവ് പുറപ്പെടുവിച്ചു. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് പദ്ധതി. ധനവകുപ്പായിരിക്കും മെഡിസെപ് അഡ്മിനിസ്‌ട്രേറ്റര്‍. 2019 ആഗസ്റ്റ് മുതല്‍ 2022 ജൂലൈവരെ മൂന്നുവര്‍ഷത്തേക്കാണിത്. പ്രതിവര്‍ഷ ഇന്‍ഷുറന്‍സ് പ്രീമിയം 2992.48 രൂപയാണ്. ജീവനക്കാരനില്‍നിന്ന് മാസം 250 രൂപ നിരക്കില്‍ പ്രിമിയം ശമ്പളത്തില്‍നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന മെഡിക്കല്‍ അലവന്‍സില്‍നിന്നാണ് വിഹിതം പിടിക്കുക.
എല്ലാ ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയില്‍ ചേരല്‍ നിര്‍ബന്ധമാണ്. എംപാനല്‍ ചെയ്യുന്ന ആശുപത്രികളിലായിരിക്കും ചികിത്സ. പണം അടക്കേണ്ടതില്ലാത്ത (കാഷ്‌ലെസ്) പദ്ധതിയില്‍ ഇലക്‌ട്രോണിക് ഐ.ഡി കാര്‍ഡ് ജീവനക്കാര്‍ക്ക് നല്‍കും. വര്‍ഷം രണ്ട് ലക്ഷം രൂപയുടെ ചികിത്സ ലഭ്യമാകുന്നതാണ് പാക്കേജ്. ഇതിനുപുറമെ മൂന്ന് വര്‍ഷത്തേക്ക് ആറ് ലക്ഷം രൂപയുടെ അധിക കവറേജ് നല്‍കും. ഗൗരവമുള്ള രോഗങ്ങളുടെ ചികിത്സക്കായിരിക്കും ഇത്. പുറമെ 25 കോടി രൂപയുടെ കോര്‍പസ് ഫണ്ട് രൂപവത്കരിക്കുകയും ആദ്യത്തെ രണ്ട് കവറേജിനും പുറത്ത് പണം ആവശ്യമായി വന്നാല്‍ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വരെ നല്‍കുകയും ചെയ്യും. ഇത് മൂന്ന് വര്‍ഷത്തില്‍ ഒരു പ്രാവശ്യമായിരിക്കും.
ഓരോ സ്‌പെഷാലിറ്റി വിഭാഗത്തിലും നിരവധി പാക്കേജുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനറല്‍, സെമിെ്രെപവറ്റ് വാര്‍ഡുകള്‍, എച്ച്.ഡി.യു, ഐ.സി.യു എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കുന്നതിന് പദ്ധതിയുടെ കവറേജ് ലഭിക്കും. 1750 രൂപ, 2000 രൂപ, 2500 രൂപ, 2750 രൂപ എന്നിങ്ങനെയാണ് ദിവസ പാക്കേജുകള്‍. ആറ് ലക്ഷം രൂപയുടെ അധിക കവറേജില്‍ കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം അടക്കമുള്ളവയുടെ മാറ്റിവെക്കല്‍, ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ, അപകടട്രോമ കേസുകള്‍ അടക്കമുള്ളവ വരും.
ഹൃദയം, ശ്വാസകോശം തുടങ്ങിയവ മാറ്റിവെക്കാന്‍ അഞ്ച് ലക്ഷം വരെ ഉള്‍പ്പെടുത്തി. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് മള്‍ട്ടിപ്പിള്‍ മെലോമ നാല് ലക്ഷം, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ലിംഫോമ, ന്യൂറോ പ്ലാസ്‌റ്റോമ ആറ് ലക്ഷം വീതം, ബോര്‍മാരോ ട്രാന്‍സ്പ്ലാന്റ് ലുക്കേമിയ 12 മുതല്‍ 14 ലക്ഷം വരെ, കരള്‍ മാറ്റിവെക്കല്‍ 11.50 ലക്ഷം എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പുറമെ ഗ്രാന്റ് ഇന്‍ എയിഡഡ് സ്ഥാപനങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരും പെന്‍ഷന്‍കാരും, മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് എന്നിവരുടെ പേഴ്‌സനല്‍ സ്റ്റാഫുകള്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ തുടങ്ങിയവരെല്ലാം പദ്ധതിയുടെ കീഴില്‍ വരും.

 

Post Your Comments Here ( Click here for malayalam )
Press Esc to close