ആത്മാവില്‍ പെയ്തിറങ്ങിയ ‘മഴയായി മോഹനം’

ആത്മാവില്‍ പെയ്തിറങ്ങിയ ‘മഴയായി മോഹനം’

ഫിദ-
കൊച്ചി: ജീവിതത്തിന്റെ കൈപ്പേറിയ അനുഭവങ്ങള്‍ക്കിടയില്‍ തളര്‍ന്നുപോയ ഒരച്ഛനും മകള്‍ക്കും ഉണര്‍ത്തുപാട്ടിലൂടെ പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ആല്‍ബം സംഗീത പ്രേമികളുടെ മനസ്സ് കീഴടക്കി ജൈത്രയാത്ര തുടരുന്നു. ഡോ. സി. മോഹന്‍കുമാറും ഡോ. ശാലിനി ഭാസ്‌കറും ചേര്‍ന്ന് നിര്‍മ്മിച്ച് രാജേഷ് കെ രാമന്‍ സംവിധാനം ചെയ്ത ‘മഴയായ് മോഹനം’ എന്ന സംഗീത ആല്‍ബമാണ് പ്രേക്ഷകമനസ്സില്‍ അവിസ്മരണീയമായ അനുഭൂതി പടര്‍ത്തുന്നത്. മനോരമ മ്യൂസിക് സോംഗ്‌സ് യൂ ട്യൂബ് ചാനലാണ് ആല്‍ബം പുറത്തിറക്കിയത്.

മഴ ജീവിതത്തിന്റെ ഏത് തരത്തിലുള്ള വികാരത്തെയും ഉത്തേജിപ്പിക്കാനും ആശ്വാസമേകാനും സഹായിക്കുന്ന പ്രകൃതിയുടെ അനുഗ്രഹമാണ്. മഴയുടെ പശ്ചാത്തലത്തിലാണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഭാര്യയെ നഷ്ടപ്പെട്ട യുവാവിനും അമ്മയെ നഷ്ടപ്പെട്ട മകള്‍ക്കും ഉണര്‍ത്തുപാട്ടിലൂടെ ഓര്‍മ്മകള്‍ തഴുകിയെത്തുമ്പോള്‍ മഴ അയാള്‍ക്ക് ഭാര്യയുടെ സാമീപ്യവും കുട്ടിക്ക് അമ്മയുടെ സ്നേഹ സ്പര്‍ശനവുമായി ഇവിടെ അനുഭവേദ്യമാവുന്നു.

വ്യത്യസ്തമായ തുടക്കമാണ് ഈ ആല്‍ബത്തിന്റെ പ്രത്യേകത. മൂകാംബിക ക്ഷേത്രത്തില്‍ നൃത്ത അരങ്ങേറ്റത്തിനായി മകളെ കൊണ്ടുപോകുന്നതിന് മുമ്പായി തറവാട്ട് വീട്ടിലെത്തുന്ന അച്ഛനും മകളും. അവരുടെ കൊച്ചു സംഭാഷണങ്ങളില്‍ നിന്ന് അക്കാര്യം മനസ്സിലാവും. ചിണുങ്ങി പെയ്യുന്ന മഴ പെരുമഴയുടെ ലക്ഷണമാണ്. ആല്‍ബത്തിന്റെ തുടക്കത്തിന് ചാറ്റല്‍മഴയുടെ അന്തരീക്ഷം നല്‍കിയത് ഏറെ ഉചിതമായി തോന്നി. തുടര്‍ന്ന് നാലുകെട്ടിന്റെ അകത്തളത്തില്‍ പ്രവേശിക്കുന്നതോടെ സംഗീതമഴയുടെ ആറാട്ടും തുടങ്ങുകയായി.

കുട്ടിയുടെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂകാംബികയിലെ നൃത്ത അരങ്ങേറ്റം. പക്ഷെ അത് കാണാനുള്ള ഭാഗ്യം ആ അമ്മക്കുണ്ടായില്ല. പക്ഷെ പെട്ടിയില്‍ സൂക്ഷിച്ച ചിലങ്ക അണിയുന്നത് മുതല്‍ അമ്മയുടെ സാന്നിധ്യം കുട്ടിക്കും ഭാര്യയുടെ സാമീപ്യം അയാള്‍ക്കും അനുഭവിക്കാനാവുന്നത് കാണുന്നവരുടെ മനസ്സിനും കുളിര്‍മ്മയേകുന്ന കാഴ്ചയാണ്. നാലുകെട്ടിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായ നൃത്തവും ജാടകളില്ലാത്ത ചമയങ്ങളും പ്രേക്ഷക മനസ്സിനെ പെട്ടെന്ന് കീഴടക്കുന്നു.

അച്ഛന്റെ താളം പിടുത്തത്തില്‍ മകള്‍ സുന്ദരമായി നൃത്തം ചെയ്യുമ്പോള്‍ അദൃശ്യമായി അമ്മയെയും സംവിധായകന്‍ രംഗത്തേക്ക് കൊണ്ടുവരുന്നത് പാട്ടിനെ നെഞ്ചോട് ചേര്‍ത്ത ഒരു കുടുംബത്തിന്റെ അതിമനോഹരമായ ചിത്രമാണ് പ്രേക്ഷകന് നല്‍കുന്നത്. സന്ധ്യാ നേരത്ത് നിറവിളക്കിന്റെ പശ്ചാത്തലത്തിലും നൃത്തം അവതരിപ്പിച്ച രീതി മികച്ചു നിന്നു. ഒടുവില്‍ പുലരാന്‍ നേരത്ത് മൂകാംബികയിലേക്കുള്ള യാത്രയോടെ ആല്‍ബം അവസാനിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലും ആ ഗാനവീചികള്‍ അലയടിക്കുകയാണ്.

അണിയറ ശില്‍പ്പികള്‍-സംഗീത സംവിധായകനും ഗായകനും: സതീഷ് നായര്‍. വരികള്‍: ജയലക്ഷ്മി ജീവന്‍, ആശയവും സംവിധാനവും: രാജേഷ് കെ രാമന്‍, നൃത്തം: ജാനകി മോഹന്‍, ഡോ. ലക്ഷ്മി വിവേക്. നിര്‍മ്മാതാക്കള്‍: ഡോ. സി. മോഹന്‍കുമാര്‍, ഡോ. ശാലിനി ഭാസ്‌കര്‍,
ക്യാമറ: മണികണ്ഠന്‍ വടക്കഞ്ചേരി. കൊറിയോഗ്രഫി: ഡോ. കലാമണ്ഡലം സുഗന്ധി പ്രഭു, വിനീത് കുമാര്‍. പ്രോഗ്രാമിംഗ് ആന്റ് അറേന്‍ജ്‌മെന്റ്: ശശി കുമാര്‍, പെര്‍ഫെക്റ്റ് പിച്ച്. പര്‍ക്യൂഷന്‍സ്, റെക്കോര്‍ഡിംഗ് ആന്റ് മിക്‌സിംഗ്: സന്തോഷ് എറവങ്കര. തബല: വിപിന്‍ മനോഹര്‍. ഓടക്കുഴല്‍: വിനോദ് ചന്ദ്ര മേനോന്‍. വീണ: നനോജ്. എഡിറ്റിംഗ്: രാഗേഷ് നാരായണന്‍. ആര്‍ട്ട്: പ്രവി ജപ്‌സി. മേക്കപ്പ്: ജസീന കടവില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുനീഷ് ശ്രീനിവാസ്. അസ്സോസിയേറ്റ് ക്യാമറ: വിഷ്ണു എസ് പൈ. സെകന്റ് യൂണിറ്റ് ക്യാമറ: ലാല്‍ ശങ്കര്‍ എന്‍ ഗോപി, അഭിജിത് ഗോപിനാഥ്. അസ്സോസിയേറ്റ് ഡയറക്ടര്‍: നിധീഷ് ഇരിട്ടി. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ദേവദാസ് എല്‍ പി, കാവ്യ തമ്പി. ഡിസൈന്‍: സിജിന്‍ കെ എസ്, D.Iപോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ: 7th Door, കൊച്ചി, VFX: നിതിന്‍ നന്ദകുമാര്‍, ബാനര്‍: രാഗമുദ്ര ആര്‍ട്‌സ്, റിലീസ് ആന്റ് കണ്ടന്റ് ഓണര്‍: മനോരമ മ്യൂസിക്.

Post Your Comments Here ( Click here for malayalam )
Press Esc to close