അസാധാരണമായ ജീവിത ദര്‍ശനവും ആഴവും പരപ്പുമുള്ള ജീവിതാനുഭങ്ങളും പ്രകടമാകുന്ന കൃതിയാണ് പ്രഭാരാജവല്ലി പള്ളിയിലിന്റെ ‘മായാവീഥി’. പുണ്യാഹം,കാറ്റാടി, ഒരു നിമിഷം, രമ രമ മാത്രം, ഗര്‍ത്തം, ആമിനയുടെ കോടാലി, ഗൗരി, കൈവല്യം, ഒരു ചോദ്യം ഒരൊറ്റ ചോദ്യം, ഗമനം, വിശ്രമവേള, നടന്നു വലത് നന്നേടത്ത്, മാതൃദേവോ ഭവ, മായാ വീഥി തുടങ്ങി 14 കഥകളടങ്ങിയ സമാഹാരമാണിത്.
2015 ലെ എസ്.കെ.പൊറ്റെക്കാട്ട് അവാര്‍ഡ് ലഭിച്ച ഈ കൃതി വായനക്കാര്‍ ഇന്നും നെഞ്ചേറ്റി നടക്കുന്നു. താന്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍, തന്റെ സ്വപ്‌നങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവ തന്റേതായ ഭഷയില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്ന് കഥാകാരി പറയുന്നു.
‘ചിലപ്പോള്‍ ഞാന്‍ അങ്ങിനെയാണ്. എന്റെ ഈ അവസ്ഥയെ കടിഞ്ഞാണിടാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ശ്രമം വിജയിക്കാറില്ലെന്ന് മാത്രമല്ല ഒന്നില്‍ കൂടുതല്‍ മായാപ്രപഞ്ചത്തില്‍ ഞാന്‍ അകപ്പെടാറുമുണ്ടെന്നും എഴുത്തുകാരി ഈ പുസ്തകത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നു. ഒരു ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥി നേരിടുന്ന മനോസംഘര്‍ഷം എങ്ങിനെയാണ് മുത്തച്ഛന്‍ മാറ്റിയെടുക്കുന്നതെന്ന് രസകരമായി പറയുന്നതാണ് ‘പുണ്യാഹം’ എന്ന ആദ്യത്തെ കഥ. നേരീയ നര്‍മ്മം കലര്‍ത്തിയാണ് ചില കഥകള്‍ രചിച്ചിട്ടുള്ളത്. സ്ത്രീകള്‍ നേരിടുന്നതും സമൂഹം നേരിടുന്നതും എന്തിന് മൃഗങ്ങളുടെ മനോവിചാരം പോലും രാജവല്ലിയുടെ കഥകളില്‍ പ്രമേയമായിട്ടുണ്ട്. ആഖ്യാന ശൈലി, വൈവിധ്യം എന്നിവ ഈ കഥകളെ വ്യത്യസ്തമാക്കുന്നു. പി.ആര്‍.നാഥന്‍ അവതാരിക എഴുതിയ ഈ കൃതി കേരളാ ബുക്ട്രസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.