മധുരം കിനിഞ്ഞ് ‘മാതള നാരങ്ങ’…

മധുരം കിനിഞ്ഞ് ‘മാതള നാരങ്ങ’…

ഗായത്രി
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മധുരം കിനിഞ്ഞ് ‘മാതളനാരങ്ങ’. 2016ലെ മൂന്ന് ടെലിവിഷന്‍ അവാര്‍ഡുകളാണ് അനില്‍ പരയ്ക്കാട് സംവിധാനം ചെയ്ത മാതള നാരങ്ങക്ക് ലഭിച്ചത്. മികച്ച ഹ്രസ്വചിത്രം, മികച്ച തിരക്കഥ, മികച്ച ബാലതാരം (പാര്‍വ്വതി)എന്നീ അവാര്‍ഡുകളാണ് മാതള നാരങ്ങ കരസ്ഥമാക്കിയത്. വ്യത്യസ്തമായ ഒരു ടെലിഫിലിമാണ് മാതള നാരങ്ങ. അവതരണം കൊണ്ടും പ്രമേയം കൊണ്ടും മറ്റ് ടെലിഫിലുമുകളില്‍ നിന്നും മാതളനാരങ്ങ വേറിട്ട് നില്‍ക്കുന്നു.
നഴ്‌സറിയില്‍ പഠിക്കുന്ന അപര്‍ണ ‘അമ്മ രേണുകയോട് പ്രോമാഗനെറ്റിന്റെ മലയാള വാക്ക് ചോദിക്കുന്നു. തന്റെ ബാല്യകാലത്തു മാതളനാരങ്ങയുടെ ഇംഗ്ലീഷ് പേര് കണ്ടുപിടിക്കാന്‍ കൂട്ടുകാരന്‍ മുരളിയുമൊത്തു നടത്തിയ ശ്രമങ്ങള്‍ രേണുക ഓര്‍മ്മിക്കുന്നു. ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷം മാതളനാരങ്ങയുടെ ഇംഗ്ലീഷ് വാക്ക് പ്രോമാഗനേറ്റ് എന്നാണെന്നു മനസ്സിലാക്കിയ രേണുക കുന്നിന്‍ മുകളില്‍ നിന്നും വിളിച്ചു പറഞ്ഞത് ഓര്‍ക്കുന്നു. ഓര്‍മയില്‍ നിന്നും തിരികെ എത്തിയ രേണുക കാണുന്നത് അപ്പു നെറ്റില്‍ സേര്‍ച്ച് ചെയ്തു മാതള നാരങ്ങയുടെ മലയാളം വാക്ക് കണ്ടുപിടിക്കുന്നതാണ്.
പഴയ തലമുറ മാതളനാരങ്ങയുടെ ഇംഗ്ലീഷ് പേര് അന്വേഷിക്കുമ്പോള്‍, പുതു തലമുറ പ്രോമാഗനെറ്റിന്റെ മലയാള വാക്കാണ് അന്വേഷിക്കുന്നത്. ഇരുവരും അറിവിന്റെ അന്വേഷണ പാതയിലാണെങ്കിലും വഴി വ്യത്യസ്തമാണെന്ന് മാത്രം. കഷ്ടപ്പെട്ട് നേരിയ അറിവിന്റെ ആനന്ദത്തിനാലാണ് പഴയ തലമുറ. എന്നാല്‍ ഗൂഗിളിന് മൂന്നില്‍ വിരല്‍ത്തുമ്പില്‍ നേടുന്ന വാക്കിന്റെ മുന്നില്‍ മരവിച്ച ഒരു നിസ്സംഗതമാത്രമാണ് പുതു തലമുറക്ക് കിട്ടുന്നതെന്നാണ് ഈ ടെലിഫിലിം സമൂഹത്തിന് നല്‍കുന്ന വലീയ പാഠം.
പഴയ കാലത്തെ കുട്ടികളുടെ അറിയാനുള്ള ആകാംക്ഷയും ആഹ്ലാദവും, ആഴമുള്ള ചങ്ങാത്തവും സമൂഹവുമായുള്ള ബന്ധവും അമ്മയുടെയും മകളുടെയും വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ ചിത്രം സമൂഹത്തെ ബോധ്യപ്പെടുത്തുന്നു.
അനില്‍ പരയ്ക്കാടാണ് രചനയും സംഭാഷണവും സംവിധാനവും, റെജിന്‍ എസ് ബാബു കഥ, ജെസ്റ്റിന്‍ ചിറ്റിലപ്പിള്ളി നിര്‍മ്മാണം, ഷാന്‍ റഹ്മാന്‍ ക്യാമറ, നിഖില്‍ സുദര്‍ശനന്‍ ചിത്രസംയോജനം, ജോഫി ചിറയത് സംഗീതം, വിഷ്ണു പ്രസാദ് ഗ്രാഫിക്‌സ്, ഗിരീഷ് എയ്യാല്‍ മേക്കപ്പ്. പാര്‍വതി ഉണ്ണികൃഷ്ണന്‍, അന്ന റോസ്, അനന്തപദ്മനാഭന്‍, സന്ധു നാരായണന്‍, ലക്ഷ്മി എസ് നായര്‍, പാര്‍വതി, ഇന്ദ്രന്‍ മച്ചാട്, പ്രേംകുമാര്‍ ശങ്കരന്‍, സുധി വട്ടപിണി, എം ഡി രാജ്‌മോഹന്‍, പ്രശാന്ത് കളമശ്ശേരി എന്നിവരാണ് അഭിനേതാക്കള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close