മസാല ബോണ്ട്; ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മസാല ബോണ്ട്; ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അളക ഖാനം-
തിരു: ലണ്ടന്‍ ഓഹരി വിപണി ഇന്നലെ വ്യാപാരത്തിന് തുറന്നുകൊടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രം കുറിച്ചു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പുറത്തിറക്കിയ മസാല ബോണ്ട് ലണ്ടന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനോടനുബന്ധിച്ചാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുഖ്യമന്ത്രി തുറന്നത്.
ലണ്ടന്‍ സമയം രാവിലെ 8 മണിക്കായിരുന്നു ചടങ്ങ്. ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം എന്നിവരും പങ്കെടുത്തു.
റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ ആദ്യഘട്ടത്തില്‍ 3,500 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിദേശവിപണിയില്‍ നിന്ന് അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി സമാഹരിക്കാമെന്നാണ് പ്രതീക്ഷ. ഇതിനായാണ് മസാല ബോണ്ട് ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇതോടെ ഇവിടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ആദ്യ സംസ്ഥാന സ്ഥാപനം എന്ന നേട്ടം കിഫ്ബി സ്വന്തമാക്കി. സിംഗപ്പൂര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും കിഫ്ബി ബോണ്ട് ലിസ്റ്റ് ചെയ്യുന്നുണ്ട്.
വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിന് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക പരിമിതി തടസമാകില്ല. വ്യവസായം സുഗമമായി നടത്തുന്നതിനുള്ള നയപരമായ ചട്ടക്കൂട് സര്‍ക്കാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. റിട്ടേണുകള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാം. നികുതി അടയ്ക്കുന്നതും ഓണ്‍ലൈനിലേക്ക് മാറ്റി. വ്യവസായ അനുമതിക്കുള്ള എല്ലാ നടപടിക്രമങ്ങളും ലളിതവും സുതാര്യവുമാക്കി.
കേരളം സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികളില്‍ നല്ല പങ്ക് ബ്രിട്ടനില്‍ നിന്നാണ്. എന്നാല്‍ ടൂറിസം രംഗത്ത് ബ്രിട്ടീഷ് നിക്ഷേപം വേണ്ടത്രയില്ല. ഈ കുറവും പരിഹരിക്കണം. ‘വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലും കേരളം നിക്ഷേപ സൗഹൃദമാണ്. കേരളത്തിലേക്ക് സ്വാഗതം’. യു.കെയിലെ സംരംഭകരെ ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ കറന്‍സിയില്‍ വിദേശ രാജ്യങ്ങളില്‍ ഇറക്കുന്ന ബോണ്ടിനാണ് മസാല ബോണ്ട് എന്ന് പറയുന്നത്. ഇന്ത്യന്‍ രൂപയും വിദേശ കറന്‍സിയും തമ്മിലെ വിനിമയമൂല്യം മാറുന്നത് ബോണ്ട് ഇറക്കുന്ന കമ്പനിയെ അല്ലെങ്കില്‍ സ്ഥാപനത്തെ ബാധിക്കില്ല എന്നതാണ് നേട്ടം. ബോണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കാണ് ഇതിന്റെ റിസ്‌ക്.
ലോകത്തെ ഏറ്റവും പഴക്കം ചെന്ന സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൊന്നാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. 60 രാഷ്ട്രങ്ങളിലെ 2600ലധികം കമ്പനികള്‍ ഇതിന്റെ ഭാഗമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close