സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വന്‍ വര്‍ധന

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വന്‍ വര്‍ധന

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 366.2 മില്യണ്‍ യൂണിറ്റിലെത്തിയതായി വിപണി ഗവേഷണ സംരംഭമായ ഗാര്‍ട്ണര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 6.7 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 87.7 ശതമാനം വിപണി വിഹിതം നേടി ആന്‍ഡ്രോയ്ഡ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണുകള്‍ ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകളെ പുറകിലാക്കിയതായാണ് ഗാര്‍ട്ണറിന്റെ കണ്ടെത്തല്‍. യൂട്ടിലിറ്റി സ്മാര്‍ട്ട്‌ഫോണുകളുടെ ആവശ്യക്ത ശക്തമായി തുടരുന്നതായും മികച്ച സ്‌റ്റോറേജ് ശേഷി, പ്രൊസസര്‍, ക്യാമറ നിലവാരം എന്നിവ പ്രദാനം ചെയ്യുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വികസ്വര വിപണികളില്‍ ആവശ്യക്കാരേറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സുചനയുണ്ട്.
മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ വിഭാഗം സ്മാര്‍ട്ട്‌ഫോണുകളുടെയും വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സാംസംങിന്റെ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 7.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ഗാലക്‌സി നോട്ട് 7 ബാറ്ററി തീപിടിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ഇടിഞ്ഞിരുന്നു. എന്നാല്‍, ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവ അവതരിപ്പിച്ചതോടെ ആവശ്യകത തിരിച്ചുപിടിക്കാന്‍ സാംസംങിന് കഴിഞ്ഞു. ഹൂവായ്, ഓപ്പോ, വിവോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും നടപ്പു വര്‍ഷം സാംസംങിനു വളര്‍ച്ച അടയാളപ്പെടുത്താനാകുമെന്നാണ് ഗാര്‍ട്ണര്‍ പ്രതീക്ഷിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close