‘മരട് 357’ ഫെബ്രുവരി 19ന് തീയേറ്ററുകളിലെത്തും

‘മരട് 357’ ഫെബ്രുവരി 19ന് തീയേറ്ററുകളിലെത്തും

എംഎം കമ്മത്ത്-
കൊച്ചി: അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടു. 

സംസ്ഥാനത്തെ തീയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 19ന് ചിത്രം തീയേറ്ററുകളിലെത്തുമെന്ന് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. 

മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍, ജയകൃഷ്ണന്‍, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ, മന്‍രാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്‍,  സരയൂ, ശോഭ സിംഗ് തുടങ്ങി മലയാളത്തിലെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. 

കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്‌ളാറ്റ് പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട് 357ഓളം കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട യഥാര്‍ത്ഥ സംഭവമാണ്’മരട് 357’പറയുന്നത്.

‘ആടുപുലിയാട്ടം’, ‘പട്ടാഭിരാമന്‍’ തുടങ്ങിയ നിരവധി സിനിമകള്‍ ഒരുക്കിയ കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് പള്ളത്താണ് തിരക്കഥയൊരുക്കുന്നത്. എഡിറ്റിങ്- വി.ടി. ശ്രീജിത്ത്. നൃത്തസംവിധാനം- ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്നാണ്.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്. വാര്‍ത്ത പ്രചരണം- സുനിത സുനില്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES