മഞ്ജു വാഗ്ദാനം പാലിച്ചില്ല; ആദിവാസികള്‍ നിയമ നടപടിക്ക്

മഞ്ജു വാഗ്ദാനം പാലിച്ചില്ല; ആദിവാസികള്‍ നിയമ നടപടിക്ക്

ഫിദ-
കല്‍പ്പറ്റ: വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് ഔദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ച നടി മഞ്ജുവാര്യര്‍ അവസാനം പിന്‍വാങ്ങിയതായി പരാതി. രണ്ടുവര്‍ഷമായിട്ടും വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് 19ന് തൃശൂരിലുള്ള മഞ്ജു വാര്യരുടെ വീട്ടുപടിക്കല്‍ കുടില്‍കെട്ടി സത്യഗ്രഹം നടത്താനാണ് ആദിവാസി കുടുംബങ്ങളുടെ തീരുമാനം. വയനാട് പനമരം പഞ്ചായത്തിലെ കൈതക്കല്‍ പരപ്പില്‍, പരക്കുനി ഭാഗത്തെ 57 പണിയ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ വ്യാപകമായി നാശനഷ്ടമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച് ആലോചന വന്നപ്പോള്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുത്തിരുന്നു. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ തുടര്‍ നടപടി സ്വീകരിക്കാതെ വന്നതോടെ സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ട് ദുരിതത്തിലായിരിക്കുകയാണ് ആദിവാസികളെന്ന് വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍, പഞ്ചായത്ത് അംഗം എം.എ. ചാക്കോ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രളയദുരിതാശ്വാസ പദ്ധതികളില്‍ നിന്നെല്ലാം ആദിവാസി കുടുംബങ്ങള്‍ പുറത്തായി. മഞ്ജുവാര്യരുടെ നടപടി മൂലം തങ്ങള്‍ വഴിയാധാരമായതായി പരക്കുനിയിലെ ആദിവാസി വീട്ടമ്മമാരായ മിനി മാരന്‍, ഇന്ദിര വെള്ളന്‍, പാറ്റ വെള്ളന്‍ എന്നിവര്‍ പറഞ്ഞു. വീടിനു പുറമെ ശൗചാലയം, ലൈബ്രറി, പഠന പരിശീലനകേന്ദ്രം, പരിക്ഷാ പരിശീലന കേന്ദ്രം, ആദിവാസി തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങിയവ സ്ഥാപിക്കുമെന്ന് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ ആദിവാസികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. മഞ്ജുവാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചര്‍ച്ച ചെയ്ത് പദ്ധതി അംഗീകരിച്ചു. സര്‍വെ നടത്തി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. റവന്യൂ വകുപ്പ് ഭൂമിയുടെ സ്‌കെച്ചും പ്ലാനും തയാറാക്കി മഞ്ജുവാര്യര്‍ ഫൗണ്ടഷന് കൈമാറി. തുടര്‍ നടപടിയുടെ കാര്യം അന്വേഷിച്ച് മഞ്ജുവാര്യരുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ അവരുടെ പിഎയായ കവിത എന്ന സ്ത്രീ മര്യാദയില്ലാതെയാണ് പെരുമാറിയതെന്ന് പഞ്ചായത്ത് അംഗം എം.എ. ചാക്കോ പറഞ്ഞു. മഞ്ജുവാര്യരുമായി ഇതുവരെ നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ എം.എ. ചാക്കോ ജില്ലാ കോടതിയില്‍ പരാതി നല്‍കി. രണ്ടു തവണ സിറ്റിംഗ് കഴിഞ്ഞു. കഴിഞ്ഞ സിറ്റിംഗില്‍ ജില്ലാ ജഡ്ജി നേരിട്ട് മഞ്ജുവാര്യരുടെ ഫോണില്‍ വിളിച്ചപ്പോള്‍ കവിതയാണ് ഫോണ്‍ എടുത്തത്. നിങ്ങളാരാണെന്ന് ചോദിച്ച് അപമാനിക്കുന്ന രീതിയിലാണ് കവിത പെരുമാറിയതെന്നും ചാക്കോ പറഞ്ഞു. ഫെബ്രുവരി 15നാണ് ഇനി അടുത്ത സിറ്റിംഗ്. മഞ്ജുവാര്യര്‍ക്കെതിരേ വഞ്ചനാക്കുറ്റത്തിന് പോലീസില്‍ പരാതി നല്‍കാനും ആദിവാസി കുടുംബങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close