മലയാളിക്ക് 1.43 ലക്ഷം ദിര്‍ഹം നല്‍കണമെന്ന് ദുബായ് കോടതി

മലയാളിക്ക് 1.43 ലക്ഷം ദിര്‍ഹം നല്‍കണമെന്ന് ദുബായ് കോടതി

അളക ഖാനം-
അബൂദബി: 10 മാസത്തെ ശമ്പളം ലഭിക്കാതെ ലേബര്‍ കോടതിയെ സമീപിച്ച മലയാളിക്ക് കുടിശ്ശിക ഒരുമിച്ചു നല്‍കാന്‍ കോടതി വിധി. മുസഫ ഷാബിയ അല്‍ ഖലീഫയിലെ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ജനറല്‍ മാനേജറായിരുന്ന തൃശൂര്‍ ജില്ലയിലെ നാട്ടിക സ്വദേശി കിഴക്കേ വളപ്പില്‍ ഹംസയുടെ മകന്‍ അലിക്ക് 1,43,499 ദിര്‍ഹം (ഏകദേശം 27.5 ലക്ഷം രൂപ) ശമ്പള കുടിശ്ശിക ഒന്നിച്ചു നല്‍കാനാണ് കോടതി വിധിച്ചത്. 2015 അവസാനമാണ് കമ്പനിയില്‍ അലി ജോലിക്കു കയറിയത്. തുടര്‍ച്ചയായി 10 മാസം ശമ്പളം ലഭിക്കാതെവന്നതിനെ തുടര്‍ന്ന് 2016 അവസാനമാണ് ലേബര്‍ കോടതിയെ സമീപിച്ചത്. കമ്പനിയിലെ ആറു ജീവനക്കാര്‍ക്ക് ശമ്പളം കുടിശ്ശിക ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടേത് നല്‍കി പ്രശ്‌നം പരിഹരിച്ചിരുന്നു.
ജനറല്‍ മാനേജര്‍ തസ്തികയില്‍ പ്രതിമാസം 15,000 ദിര്‍ഹം ശമ്പളത്തിന് ജോലി ചെയ്തിരുന്ന അലി നഷ്ടപരിഹാരവും കോടതി ചെലവും ഉള്‍പ്പെടെ 2,10,000 ദിര്‍ഹം ആവശ്യപ്പെട്ടാണ് ലേബര്‍ കോടതിയില്‍ 2016 സെപ്റ്റംബറില്‍ പരാതി നല്‍കിയത്. ഈ സ്ഥാപനത്തില്‍നിന്നുള്ള ജോലി മതിയാക്കി രണ്ടു മൂന്നു സ്ഥാപനത്തില്‍ ഇതിനിടയില്‍ ജോലി ചെയ്തു. കമ്പനിയിലെ സേവനം ഒരു വര്‍ഷത്തില്‍ താഴെ മാത്രമായതിനാല്‍ കുടിശ്ശിക മാത്രമാണ് കോടിതി നല്‍കിയത്. ശമ്പളത്തിന് പുറമെ ലീവ് സാലറി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും കോടതി ചെലവും വക്കീല്‍ ഫീസും ഉള്‍പ്പെടെ 2,10,000 ദിര്‍ഹമാണ് നഷ്ടപരിഹാരം ചോദിച്ചത്. എന്നാല്‍, 10 മാസത്തില്‍ താഴെ മാത്രം കുടിശ്ശികയുണ്ടായിരുന്ന തുക ഒരുമിച്ചു നല്‍കാനാണ് കോടതി വിധിച്ചത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close