ലോട്ടറി ജിഎസ്ടി ഏകീകരണം; കേരളത്തിന്റെ നീക്കം ഫലം കണ്ടു

ലോട്ടറി ജിഎസ്ടി ഏകീകരണം; കേരളത്തിന്റെ നീക്കം ഫലം കണ്ടു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സംസ്ഥാന ലോട്ടറികളുടെയും ഇതരസംസ്ഥാന ലോട്ടറികളുടെയും ജി.എസ്.ടി നിരക്ക് ഏകീകരിക്കാനുള്ള നീക്കം പ്രതിപക്ഷ സംസ്ഥാനങ്ങളെ കൂട്ടുപിടിച്ച് കേരളം അട്ടിമറിച്ചു. ഇതുവഴി, കേരള ലോട്ടറിക്ക് 12ഉം ഇതരസംസ്ഥാന ലോട്ടറികള്‍ക്ക് 28ഉം ശതമാനം നികുതി ഈടാക്കുന്ന രീതി തുടരും. വിഷയം പഠിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ ഉപസമിതിയെ നിയോഗിച്ചു.
ലോട്ടറി നടത്തിപ്പുവഴി കേരളത്തിന് കിട്ടുന്ന വരുമാനം ഗണ്യമായി ചോര്‍ത്തുന്നതാണ് നികുതി ഏകീകരണം. ഇതരസംസ്ഥാന ലോട്ടറികളുടെ പ്രവാഹം തടഞ്ഞുനിര്‍ത്തി കേരള ലോട്ടറിയുടെ വില്‍പന കൊഴുപ്പിക്കുന്നത് കേരളത്തിലെ കുറഞ്ഞ നികുതി വഴിയാണ്. ഇന്ത്യയില്‍ എവിടെയും ലോട്ടറി വില്‍ക്കുന്നതിന് ഒരേ നികുതി നിരക്ക് കൊണ്ടുവരണമെന്നാണ് ഇതരസംസ്ഥാന ലോട്ടറി നടത്തിപ്പുകാരുടെ താല്‍പര്യം. ഈ നീക്കമാണ് ധനമന്ത്രി തോമസ് ഐസക് മുന്‍കയ്യെടുത്ത് പൊളിച്ചത്.
ജി.എസ്.ടി കൗണ്‍സില്‍ യോഗം തുടങ്ങുന്നതിനുമുമ്പ് തോമസ് ഐസക് വിളിച്ച ധനമന്ത്രിമാരുടെ കൂടിയാലോചന യോഗത്തില്‍ 10 സംസ്ഥാന ധനമന്ത്രിമാര്‍ എത്തി. അവിടെയും സ്വാധീനിക്കാന്‍ ലോട്ടറി നടത്തിപ്പുകാരുടെ പ്രതിനിധികള്‍ എത്തിയിരുന്നു. എന്നാല്‍, 10 മന്ത്രിമാരും കേരളത്തിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവരും ഇക്കാര്യത്തില്‍ സഹായിച്ചതായി തോമസ് ഐസക് പറഞ്ഞു. 10 ധനമന്ത്രിമാര്‍ ജി.എസ്.ടി കൗണ്‍സിലില്‍ നികുതി ഏകീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ഏതാനും സംസ്ഥാനങ്ങള്‍ നിഷ്പക്ഷത പാലിക്കുകയും ചെയ്തതോടെ, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശത്തില്‍ പഠനസമിതിയെ നിയോഗിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായി. ആറു കോണ്‍ഗ്രസ് സംസ്ഥാനങ്ങളും ആന്ധ്രപ്രദേശ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവയുമാണ് കേരളത്തിന് തുണയായത്. കേന്ദ്ര ബജറ്റിനു മുമ്പത്തെ അവസാനത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് വ്യാഴാഴ്ച നടന്നത്. പൊതുതെരഞ്ഞെടുപ്പിനുമുമ്പ് പഠനം പൂര്‍ത്തിയാവില്ല.അതുകൊണ്ട് കേരളം ദീര്‍ഘകാല അവധി ഇക്കാര്യത്തില്‍ നേടിയെടുത്തതായി തോമസ് ഐസക് പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.