‘കുഞ്ഞാത്തോലി’നെ നെഞ്ചോട് ചേര്‍ത്ത് ശാന്തിനി…

‘കുഞ്ഞാത്തോലി’നെ നെഞ്ചോട് ചേര്‍ത്ത് ശാന്തിനി…

മലയാള സാഹിത്യത്തില്‍ അധികമാരും കടന്നു വരാത്ത മാന്ത്രിക നോവല്‍ മേഖലയില്‍ യുവ എഴുത്തുകാരിയുടെ രംഗപ്രവേശനം ശ്രദ്ധേയമാവുന്നു. കോട്ടയം സ്വദേശിനിയും ഡല്‍ഹിയില്‍ ഒരു അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സിയില്‍ ഉദ്യോഗസ്ഥയുമായ ശാന്തിനി ടോമാണ് കുഞ്ഞാത്തോല്‍ എന്ന മാന്ത്രിക നോവലുമായി മലയാള സാഹിത്യത്തില്‍ ഇടം തേടുന്നത്. 26 അധ്യായങ്ങളില്‍ എഴുതിത്തീര്‍ത്ത നോവല്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ശാന്തിനി.
പാലക്കാട്ടെ ഒരു കുഗ്രാമമാണ് കഥാ ഭൂമിക. അതായത് പട്ടാമ്പിക്കും കുന്തിപ്പുഴക്കും ഇടയിലുള്ള ഒരു ഗ്രാമമാണിതെന്ന് എഴുത്തുകാരി നോവലില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഗ്രാമത്തിലെ മംഗലംകുന്നിന്റെ താഴ്‌വാരം മുതല്‍ കുന്തിപ്പുഴ വരെ നീണ്ട് കിടക്കുന്ന കൃഷിഭൂമിയുടെ അവകാശികളായ കോയിക്കല്‍ മനയും തെക്കേവാര്യവും, അവരുടെ കുടുംബക്കാരെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളും ഐതീഹ്യവുമാണ് നോവലിലെ ഇതിവൃത്തം.
കുഞ്ഞാത്തോല്‍ എന്ന ഗതികിട്ടാത്ത ആത്മാവാണ് ഈ കഥയിലെ പ്രധാന കഥാപാത്രം. വിവാഹ ജീവിതത്തിലെ കാതലായ ആഗ്രഹങ്ങള്‍ ആസ്വദിക്കും മുമ്പ് തന്നെ മരണപ്പെട്ടു പോയ ഗര്‍ഭിണിയാണ് ഈ യുവതി. ഗതികിട്ടാതെ അലഞ്ഞ് തിരിയുന്ന കുഞ്ഞാത്തോലിന്റെ പ്രതികാര ബുദ്ധിയില്‍ നിന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥയില്‍ വിവരിക്കുന്നത്.
ദേവിക, രവി, ഉമ, വാര്യര്‍, നാരായണേട്ടന്‍, വിനയന്‍ തീരുമേനി എന്നിവരാണ് ഈ കഥയിലെ മറ്റ് കഥാപാത്രങ്ങള്‍. കൂടാതെ കാര്‍ത്തിയമ്മ എന്നൊരു അജ്ഞാത കഥാപാത്രം കൂടിയുണ്ട്. നോവലില്‍ രണ്ടിടങ്ങളില്‍ മാത്രമെ വരുന്നുള്ളൂവെങ്കിലും കഥാഗതിയെ മുന്നോട്ടുകൊണ്ടു പോകുന്നതില്‍ കാര്‍ത്തിയമ്മക്ക് വലിയ പങ്കുണ്ട്. പിന്നെ പൂജ നടത്താനെത്തുന്ന പൂജാരിമാരും ആത്തോലമ്മ എന്നിവരും വായനക്കാരുടെ ശ്രദ്ധ നേടുന്നവരാണ്.
ഫേസ്ബുക്കില്‍ 26 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഈ നോവല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ആസ്വാദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ നോവല്‍ പുസ്തക രൂപത്തിലിറങ്ങുമ്പോള്‍ വായനക്കാര്‍ കുഞ്ഞത്തോലിനെ കൈനീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശാന്തിനി ന്യൂസ്‌ടൈംനെറ്റ്‌വര്‍ക്കിനോട് പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close