കുംഭമേളയുടെ സമ്പാദ്യം

കുംഭമേളയുടെ സമ്പാദ്യം

വിഷ്ണു പ്രതാപ്-
പ്രയാഗ്‌രാജ്: കുംഭമേളയുടെ സമ്പാദ്യം അതിശയിപ്പിക്കുന്നതാണ്. ഇപ്പോള്‍ പ്രയാഗ്‌രാജായ പഴയ അലഹബാദില്‍ ജനുവരി 15ന് തുടങ്ങി മാര്‍ച്ച് 4 ശിവരാത്രി ദിനത്തില്‍ സമാപിക്കുന്ന കുംഭമേളയിലൂടെ യു.പി സര്‍ക്കാരിന് 1.2 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ലഭിക്കുക. ആത്മീയ വശത്തിനപ്പുറം കുംഭമേളക്ക് ഒരു സാമ്പത്തിക മുഖമുണ്ട്. വിവിധ മേഖലകളിലായി 6 ലക്ഷം പേര്‍ക്ക് ഇത് തൊഴില്‍ നല്‍കുമെന്ന് കോണ്‍ഫിഡറേഷന്‍ ഒഫ് ഇന്‍ഡസ്ട്രിയുടെ (സി.ഐ.ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.പി സര്‍ക്കാര്‍ 50 ദിവസം നീണ്ടുനില്‍ക്കുന്ന ഇത്തവണത്തെ കുംഭമേളയുടെ നടത്തിപ്പിനും ഒരുക്കത്തിനുമായി 4200 കോടി രൂപയാണ് വകയിരുത്തിയത്. ഇത് 2013ലെ കുംഭമേളയ്ക്ക് അനുവദിച്ചതിനെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതലാണ്.
ഹോട്ടല്‍ ബിസിനസ് രംഗത്ത് 2,50,000 പേര്‍ക്ക് കുംഭമേള ജോലി ഉറപ്പാക്കുന്നു. എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ് എന്നീ മേഖലകളില്‍ 1,50,000 പേര്‍ക്കും 45,000 ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും തൊഴില്‍ ലഭിക്കുന്നു. മെഡിക്കല്‍ ടൂറിസം രംഗത്ത് 85,000 പേര്‍ക്കും പണി കിട്ടുന്നു. ഇതിന്റെ പാര്‍ശ്വഫലമായി അസംഘടിത മേഖലയില്‍ 55,000 പുതിയ തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഇതില്‍ ഗൈഡുകള്‍, ടാക്‌സി െ്രെഡവര്‍മാര്‍, പരിഭാഷാ വിദഗ്ദ്ധര്‍, വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഗവണ്‍മെന്റ് ഏജന്‍സികളുടെയും വ്യാപാരികളുടെയും വരുമാനം ഗണ്യമായി ഉയരും.
കുംഭമേളയില്‍ നിന്ന് 1.2 ലക്ഷം കോടി യു.പിയ്ക്ക് ലഭിക്കുമ്പോള്‍ രാജസ്ഥാന്‍, ഉത്തര്‍ഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും മോശമല്ലാത്ത വിഹിതം ലഭിക്കും. കുംഭമേളയ്ക്ക് വരുന്ന സംഘങ്ങള്‍ ഈ സംസ്ഥാനങ്ങളിലെ പുണ്യസങ്കേതങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെയാണിത്.
ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ഒരുപോലെ ഭക്തജനങ്ങള്‍ എത്തുമെന്നതാണ് കുംഭമേളയുടെ പ്രത്യേകത. പട്ടണങ്ങളില്‍ നിന്നെത്തുന്നവര്‍ താരതമ്യേന കൂടുതല്‍ പണം യാത്രക്കും മറ്റു സൗകര്യങ്ങള്‍ക്കുമായി ചെലവഴിക്കും. തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി അധികൃതര്‍ 4000 ടെന്റുകളുള്ള ഒരു ചെറു പട്ടണം തന്നെ ഒരുക്കിയിട്ടുണ്ട്. വെള്ളം, വൈദ്യുതി, എല്‍.ഇ.ഡി വെളിച്ചം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെയുമാണിത്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി പ്രയാഗ് രാജില്‍ ഒരു പുതിയ വിമാനത്താവളവും നിര്‍മ്മിച്ചു. 22 പാലങ്ങളും പുതുതായി നിര്‍മ്മിച്ചു. 250 കിലോമീറ്റര്‍ റോഡും പുതുക്കിപ്പണിതു. 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹുയാന്‍ സാന്‍ കുംഭമേളയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.കുംഭമേള അവസാനിക്കുന്ന മഹാശിവരാത്രി ദിനത്തിനുള്ളില്‍ 12 കോടി ആളുകള്‍ സംഗമസ്ഥാനത്തെത്തി സ്‌നാനം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ദിനം തന്നെ രണ്ടുലക്ഷത്തിലേറെപ്പേര്‍ എത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close