കുലുക്കി… കുലുക്കി നുരഞ്ഞ് പൊന്തുന്ന മധുരം…

കുലുക്കി… കുലുക്കി നുരഞ്ഞ് പൊന്തുന്ന മധുരം…

ഗായത്രി-
കൊച്ചി: ചെറുനാരങ്ങയും പുദീനയും മധുരവും ചേര്‍ത്ത് ശ്രീനാഥ് ഗ്ലാസിലിട്ട് കുലുക്കുമ്പോള്‍ നുരഞ്ഞ് പൊന്തുന്ന സര്‍ബത്തിന് രുചിയേറെയാണ്… എന്താണതിന് കാരണമെന്ന് ചോദിച്ചാല്‍ 28 കാരന്റെ കൈപ്പുണ്യം എന്നല്ലാതെ മറ്റെന്ത് പറയാന്‍…
സുഹൃത്തിനൊപ്പം അപ്രതീക്ഷിതമായി കുലുക്കി സര്‍ബത്ത് കുടിച്ചതാണ് ഈ മേഖലയിലേക്ക് തിരിയാന്‍് ശ്രീനാഥിനെ പ്രേരിപ്പിച്ചത്. ഇന്ന് ശ്രീനാഥിന്റെ കൊച്ചി ചെറളായിലുള്ള ജ്യൂസ് ബാര്‍ കട പേര് കേട്ടതാണ്. എന്നാല്‍ ഇവിടെ ഉണ്ടാക്കുന്ന കുലുക്കി സര്‍ബത്തിന്റെ രുചിപ്പെരുമ കൊച്ചിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല.. അത്് കൊച്ചിയും കടന്ന് അങ്ങ് ഏഴാം കടലിനക്കരെ പോലും ചെന്നെത്തിയിരിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്ന കൊച്ചിക്കാരാണ് ശ്രീനാഥിന്റെ കുലുക്കി സര്‍ബത്ത് പെരുമ വിദേശ രാജ്യങ്ങളിലെത്തിച്ചത്.
കൊച്ചി ചെറളായിയിലെ രാമചന്ദ്ര പൈയുടെയും ഗീത ആര്‍ പൈ യുടെയും ഏക മകനായ ഈ 28 കാരന്റെ ‘ലുക്കിക്കഥ’ആരംഭിക്കുന്നത് ഇങ്ങിനെ.
പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി അച്ഛനെ കച്ചവടത്തില്‍ സഹായിക്കുകയായിരുന്നു ശ്രീനാഥ്. മിക്‌സ്ചര്‍, കായവറുത്തത് പോലുള്ള സാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ജോലിയാണ് ശ്രീനാഥിന്റെ അച്ഛന്. ചെറുപ്പത്തില്‍ ചിത്രകാരനാവാനായിരുന്നു ശ്രീനാഥിന്റെ ആഗ്രഹം. പക്ഷെ ജീവിത പ്രരാബ്ധങ്ങളെ അതിജീവിക്കാന്‍ അത് മതിയാവില്ലെന്ന തിരിച്ചറിവ് തന്റെ ആഗ്രഹത്തെ ഹോബിയിലൊതുക്കി ശ്രീനാഥ് അച്ഛനെ സഹായിക്കാനൊരുങ്ങി.
അങ്ങിനെ അച്ഛനെ മികസ്ചറും ചിപ്‌സും ഉണ്ടാക്കാന്‍ സഹായിച്ചു വരുന്നതിനിടെ അത് സ്വന്തമായി ഉണ്ടാക്കാനും ശ്രീനാഥ് വശമാക്കി. ഉച്ചവരെ മാത്രമെ അച്ഛനെ സഹായിക്കേണ്ട ജോലി ഉണ്ടായിരുന്നുള്ളു. അതിന് ശേഷം വെറുതെ ഇരുന്നു മടുത്ത ശ്രീനാഥ് പുതിയ വരുമാനമാര്‍ഗത്തെക്കുറിച്ച് ചിന്തിച്ചു. അതാണ് കുലുക്കിയിലേക്കുള്ള വഴിതുറന്നത്.
ഒരിക്കല്‍ സുഹൃത്തുക്കളുടെ കൂടെ ചുറ്റിക്കറങ്ങവെ ഒരു കടയിലെത്തി കുലുക്കി സര്‍ബത്ത് കുടിച്ചു. പക്ഷെ കുലുക്കി കുടിക്കുന്നതിനിടെ ശ്രീനാഥിന്റെ ശ്രദ്ധ ആ കടയിലെ വൃത്തിഹീനമായ ചുറ്റുപാടിലേക്ക് പതിഞ്ഞു. വൃത്തിയില്ലാത്ത ഈ സ്ഥലത്ത് ഇത്രയും ആളുകള്‍ വന്ന് കുലുക്കി കുടിക്കുന്നെങ്കില്‍ വൃത്തിയുള്ള സ്ഥലത്ത് കുലുക്കി ഉണ്ടാക്കി വില്‍പ്പന നടത്തിയാല്‍ എന്തായിരിക്കുമെന്നായി ശ്രീനാഥിന്റെ ചിന്ത. വീട്ടിലെത്തിയ ശ്രീനാഥ് ഇക്കാര്യം തന്റെ വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞു. അങ്ങിനെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായസഹകരണങ്ങളോടെ അച്ചന്റെ കടയുടെ ഒരു ഭാഗത്തായി ‘ജ്യൂസ് ബാര്‍’ എന്ന പേരില്‍ ജ്യൂസും ഷെയ്ക്കും കുലുക്കിയും ഉണ്ടാക്കി വില്‍പ്പന തുടങ്ങി. കൈപ്പുണ്യമേറിയ കുലുക്കിയുടെ രൂചി ആളുകളെ കടയിലേക്ക് ആകര്‍ഷിച്ചപ്പോള്‍ കുലുക്കിയില്‍ പുതുപരീക്ഷണങ്ങള്‍ നടത്താന്‍ ശ്രീനാഥിനെ പ്രേരിപ്പിച്ചു.
തന്റെ കുലുക്കിയുടെ രൂചിപ്പെരുമ നാട്ടിലാകെ പാട്ടായപ്പോള്‍ കടയില്‍ നിന്നുള്ള വില്‍പ്പനക്ക് പുറമെ ചെറളായിയിലെ കല്യാണത്തിനും ഗൃഹപ്രവേശനത്തിനും മറ്റ് പരിപാടികള്‍ക്കും ശ്രീനാഥിന്റെ കുലുക്കി സര്‍ബത്ത് ഒഴിച്ചു കൂടാനാവാത്തതായി.
ഇത്തരം അവസരങ്ങളില്‍ സഹായിക്കാനായി കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ശ്രീനാഥിന്റെ കൂടെയുണ്ടാവും. ഇന്ന് എവിടെ പരിപാടി ഉണ്ടെങ്കിലും ശ്രീനാഥ് തന്റെ ബന്ധുക്കള്‍ക്കളെയും സുഹൃത്തുക്കള്‍ക്കളേയും പാര്‍ട്ട്‌ടൈം ജോലിക്കായി വിളിക്കും. മാത്രമല്ല സ്ഥിരമായീ പാര്‍ട്ട്‌ടൈം ജോലി ചെയ്യാന്‍ ശ്രീനാഥിന്റെ സുഹൃത്തുക്കളായി എത്രയോ പേരുണ്ട്. വൃത്തിയോടെ വ്യത്യസ്തമായി മിതമായ നിരക്കില്‍ നല്ല പാനീയം നല്‍കുക എന്നതാണ് ശ്രീനാഥിന്റെ ഉദ്ദേശം. തന്റെ ജ്യൂസ് ബാര്‍ ഒരു ബ്രാന്‍ഡ് ആയി മാറ്റാനാണ് ശ്രീനാഥിന്റെ ലക്ഷ്യം.
ഇപ്പോള്‍ 25 പരം വ്യത്യസ്ത രുചികളിലുള്ള കുലുക്കി ശ്രീനാഥിന്റെ കടയിലുണ്ട്. ഒരു കുലുക്കിക്ക് കേവലം 20രൂപയാണ് വില. ‘ബൂസ്റ്റ് കുലുക്കിയും’ ‘ഓറിയോ ഷെയ്ക്കു’മാണ് ഇവിടത്തെ താരം. 30രൂപയും 50രൂപയും ആണ് ഇതിന്റെ വില. ഇത് കൂടാതെ ഗ്രീന്‍ ആപ്പിള്‍ കുലുക്കി, കിവി, ബട്ടര്‍സ്‌കോച്ച്, മംഗോ, സ്‌ട്രോബറി, ഗ്രേപ്പ്, വെര്‍ജിന്‍ മോജിറ്റോ, പുദീനാ ലൈം എന്നിങ്ങനെ വ്യത്യസ്തങ്ങളായാ കുലുക്കികളുമുണ്ട്.
മാത്രമല്ല ഇഞ്ചി മുളക് എന്നിവയുടെ രുചിക്കൂട്ടിലുള്ള കുലുക്കിയും പച്ചമാങ്ങാ കുലുക്കിയും ഇവിടെ ലഭിക്കും. പിന്നെ ഫ്രഷ് ഫ്രൂട്ട് കുലുക്കി ഇനത്തില്‍ ഓറഞ്ച്, പൈനാപ്പിള്‍, പപ്പായ എന്നിങ്ങനെ സവിശേഷമായ ഇനങ്ങള്‍ വേറെയുമുണ്ട്. കൂടുതല്‍ രുചിയും മണവുമുള്ള വ്യത്യസ്തങ്ങളായ കുലുക്കികള്‍ ഉണ്ടാക്കി ലോകത്തെ വിരുന്നൂട്ടാനുള്ള ഒരുക്കത്തിലാണ് ഈ യുവാവ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9633558414 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Post Your Comments Here ( Click here for malayalam )
Press Esc to close