ഇനി കുടുംബശ്രീ പാലും

ഇനി കുടുംബശ്രീ പാലും

ഫിദ
കൊല്ലം: മില്‍മാ മാതൃകയില്‍ ഇനി കുടുംബശ്രീ പാലും. ‘കുടുംബശ്രീ ഫാം ഫ്രഷ് മില്‍ക്ക്’ എന്ന പേരിലാണ് പാല്‍ വിപണിയിലിറക്കുക. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് പൈലറ്റ് അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയില്‍ അടുത്ത ആഴ്ച തുടക്കമാകും. ഗുണമേന്മയും തനിമയും ചോരാതെ, കറന്നെടുത്ത് രണ്ട് മണിക്കൂറിനകം ഉപഭോക്താക്കളുടെ കൈകളില്‍ രാവിലെയും വൈകിട്ടുമായി പാല്‍ എത്തിക്കാനാണ് ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകരുടെ സ്വന്തം ഫാമുകളിലെ പശുക്കളില്‍ നിന്ന് പാല്‍ പ്രത്യേക യൂണിറ്റ് വഴി ശേഖരിച്ചാവും വിതരണം. അഞ്ച് അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകളെ കല്‍സ്റ്ററുകളാക്കി ഒരാള്‍ക്ക് രണ്ട് പശു വീതം ലഭ്യമാക്കും. സബ്‌സിഡി പ്രകാരം പശുക്കളെ വാങ്ങാനുള്ള സഹായവും ലഭ്യമാക്കും. ഇങ്ങനെയുള്ള 10 ഗ്രൂപ്പുകളെ ചേര്‍ത്ത് കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് പാല്‍ ഉല്‍പാദനവും സംഭരണവും. കണ്‍സോര്‍ഷ്യത്തിന്റെ കീഴിലാവും മാര്‍ക്കറ്റിങ് ശൃംഖല. ഗുണമേന്മാപരിശോധനക്ക് ഭക്ഷ്യ സുരക്ഷ വകുപ്പുമായി സഹകരിച്ച് പ്രത്യേകം ലാബുകളും സ്ഥാപിക്കും. വിവിധ കല്‍സ്റ്ററുകളിലെ പാല്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പ് ഏറ്റുവാങ്ങി ലാബുകളില്‍ പരിശോധിച്ച് പ്രത്യേക പാക്കറ്റിലാക്കിയാവും വിതരണം. അര ലിറ്റര്‍ പാല്‍ 26 രൂപക്കാവും വില്‍ക്കുക. സ്വകാര്യ ജൈവ ഉല്‍പന്ന വിപണന മാളുകളില്‍ നിലവില്‍ ഒരു ലിറ്റര്‍ പാലിന് 70രൂപയാണ്. പാല്‍ വിതരണരംഗത്ത് നിലനില്‍ക്കുന്ന ചൂഷണത്തെ പ്രതിരോധിക്കാനും ഗുണമേന്മയുള്ള പാല്‍ ഇടനിലക്കാരില്ലാതെ ജനങ്ങളിലെത്തിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ക്ഷീര വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്.
കുടുംബശ്രീ സംരംഭകര്‍ നേരിട്ട് വീടുകളിലും കടകളിലും എത്തിച്ചായിരിക്കും വിതരണം. ആദ്യഘട്ടത്തില്‍ പ്ലാസ്റ്റിക്ക് കവറിലാക്കിയാവും വിതരണം. പ്ലാസ്റ്റിക്കിന് പകരം ബദല്‍ മാര്‍ഗങ്ങള്‍ രണ്ടാം ഘട്ടത്തില്‍ സ്വീകരിക്കും. പാലില്‍ നിന്ന് മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും രണ്ടാംഘട്ടത്തില്‍ ആരംഭിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close