ഗായത്രി
കോഴിക്കോട്: ശരീരത്തിന് ദോഷമുണ്ടാക്കാത്ത ‘കുടുംബശ്രീ ചിക്കന്‍’ ഇനി വിപണിയില്‍. തൂക്കം കൂട്ടാനുള്ള ഹോര്‍മോണുകളും മരുന്നുകളും ഉപയോഗിക്കാതെയാണ് കുടുംബശ്രീ ചിക്കന്‍ വിപണിയിലെത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടം മലപ്പുറത്തെ വട്ടംകുളം പഞ്ചായത്തിലാണ് നടപ്പാക്കുന്നത്. കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നതുമുതല്‍ വിപണിയിലെത്തിച്ച് വില്‍പ്പനവരെയുള്ള എല്ലാ ചുമതലയും സ്ത്രീകള്‍ക്കാണ്. കുടുംബശ്രീ, വട്ടംകുളം ഗ്രാമപ്പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പ്, എന്‍.ആര്‍.ഇ.ജി.എസ്. എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വട്ടംകുളം പഞ്ചായത്തിലെ 200 കുടുംബശ്രീ അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഒരാള്‍ക്ക് 75 കോഴിക്കുഞ്ഞുങ്ങളെയാണ് നല്‍കുക. ഇവയെ വളര്‍ത്താനുള്ള താത്കാലിക ഷെഡ് തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ചുനല്‍കും. ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ചെലവ് മാത്രമാണ് ഗുണഭോക്താവ് വഹിക്കേണ്ടത്. 42 ദിവസമാണ് ഇറച്ചിക്കോഴി പൂര്‍ണവളര്‍ച്ചയെത്താന്‍ ആവശ്യം. ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയാണ് വീടുകളിലേക്ക് നല്‍കുക. ഇവയെ സാധാരണരീതിയില്‍ വളര്‍ത്തിയെടുത്താണ് വിപണിയിലെത്തിക്കുന്നത്. ശരീരത്തിന് ദോഷകരമായതൊന്നും ഉപയോഗിക്കില്ലെന്ന ഉറപ്പുനല്‍കിയാണ് കുടുംബശ്രീ ചിക്കന്‍ വിപണിയിലെത്തുന്നത്.