യാത്രതിരക്ക് പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസുകള്‍ വാടകക്കെടുക്കുന്നു

യാത്രതിരക്ക് പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസുകള്‍ വാടകക്കെടുക്കുന്നു

ഗായത്രി
തിരു: ഓണം-ബക്രീദ് യാത്രതിരക്ക് പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി 25 സ്‌കാനിയ ബസുകള്‍ വാടകക്കെടുക്കുന്നു. ഇതു സംബന്ധിച്ച് നേരത്തെ സ്‌കാനിയ കമ്പനിയുമായി കെഎസ്ആര്‍ ടിസി ചര്‍ച്ച നടത്തിയിരുന്നു. ആദ്യഘട്ടമായി പത്ത് ബസുകള്‍ ഈ മാസം 30നുള്ളില്‍ നിരത്തിലെത്തും.
കെ.എസ്.ആര്‍.ടി.സിക്ക് ഒരു ശതമാനം പോലും മുതല്‍മുടക്കില്ലാതെ സര്‍വിസ് നടത്താമെന്നതാണ് പ്രത്യേകതയായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും പുതിയ മോഡലായ യൂറോ4 ബസുകളാണ് ഇവ. ഇന്ത്യയില്‍ ആദ്യമായി ഇവ നിരത്തിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലിനീകരണതോത് കുറവും മികച്ച യാത്രാ സൗകര്യമുള്ളതുമാണ് ഈ ബസുകള്‍. ഓണത്തോടനുബന്ധിച്ച് കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും സ്‌പെഷല്‍ സര്‍വിസുകള്‍ ഓടിക്കാനും തീരുമാനമുണ്ട്.
ഓണക്കാലത്തെ സ്വകാര്യബസുകള്‍ യാത്രക്കാരെ പിഴിയുന്നതിന് അറുതിവരുത്തലാണ് ലക്ഷ്യമിടുന്നത്. ബംഗളൂരു, മംഗളൂരൂ, ചെന്നൈ, കോയമ്പത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് കേരളത്തിലെ പ്രധാന ഡിപ്പോകളില്‍നിന്നാണ് സ്‌കാനിയകള്‍ സര്‍വിസ് നടത്തുക. മൂന്ന് ദിവസത്തിനുള്ളില്‍ സമയപ്പട്ടിക തയാറാകും.
ബസുകള്‍ ഓടിക്കുന്നതിന് കമ്പനി തന്നെ തങ്ങളുടെ െ്രെഡവര്‍മാരെ നിയോഗിക്കും. കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സി നല്‍കണം. ഡീസലും കെ.എസ്.ആര്‍.ടി.സി വഹിക്കണം. കിലോമീറ്റര്‍ അടിസ്ഥാനപ്പെടുത്തിയാണ് വാടക. ബസ് ഏതെങ്കിലും കാരണത്താല്‍ തകരാറിലാവുകയോ അപകടത്തില്‍പെടുകയോ വഴിയിലാവുകയോ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കമ്പനി പകരം ബസ് എത്തിക്കണമെന്നതും വ്യവസ്ഥയിലുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close