പ്രവാസി ചിട്ടി പദ്ധതിക്ക് തുടക്കമാവുന്നു

പ്രവാസി ചിട്ടി പദ്ധതിക്ക് തുടക്കമാവുന്നു

ഫിദ
കൊച്ചി: കെ.എസ്.എഫ്.ഇ വഴി പ്രവാസി ചിട്ടി നടത്തി, ചിട്ടിപ്പണം ബോണ്ടായി മാറ്റി വികസനത്തിന് പണം കണ്ടെത്തുന്ന പദ്ധതിക്ക് തുടക്കമാവുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 30ന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആദ്യവര്‍ഷം കുറഞ്ഞത് ലക്ഷം പേരെയെങ്കിലും പ്രവാസി ചിട്ടിയുടെ വരിക്കാരാക്കി ലക്ഷ്യംനേടാനാണ് പദ്ധതി. പ്രവാസി മലയാളികള്‍ അടക്കുന്ന മാസത്തവണ, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മന്റെ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) എന്‍.ആര്‍.ഐ ബോണ്ടുകളില്‍ കെ.എസ്.എഫ്.ഇയുടെ പേരില്‍ നിക്ഷേപിക്കും. പ്രവാസികള്‍ അവരുടെ ചിട്ടികളിലാണ് പണം നിക്ഷേപിക്കുന്നത്. അതിനാല്‍തന്നെ നിക്ഷേപത്തിന് സര്‍ക്കാറിന്റെയും കെ.എസ്.എഫ്.ഇയുടെയും പൂര്‍ണസുരക്ഷയുമുണ്ടാകും.
ഈ വഴിക്ക് 12,000 കോടി സമാഹരിക്കാന്‍ പ്രയാസമില്ലെന്ന വിലയിരുത്തലിലാണ് ധനവകുപ്പ്. ഇതില്‍ നിന്ന് പതിനായിരം കോടി രൂപ ഉപയോഗിച്ച് 1267 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലയോര ഹൈവെയുടെയും 630 കിലോമീറ്റര്‍ നീളമുള്ള തീരദേശപാതയുടെയും വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഇതിന് പുറമേയാണ് ആരോഗ്യം, വിനോദസഞ്ചാരവികസനം തുടങ്ങിയ രംഗങ്ങളില്‍ പ്രവാസി നിക്ഷേപം ഉറപ്പുവരുന്നതിന് ‘ആഗോള മലയാളി സഭ’എന്ന പേരില്‍ ജനുവരിയില്‍ ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഗള്‍ഫില്‍ നിന്ന് പ്രവാസി മലയാളികളുടെ തിരിച്ചൊഴുക്കിന് ഗതിവേഗം കൂടിയ സാഹചര്യത്തില്‍, മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും ഇതില്‍ ചര്‍ച്ചയാകും.
ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരം നിയമസഭ കോംപ്ലക്‌സിലാണ് ആഗോള മലയാളസഭ സംഘടിപ്പിക്കുന്നത്. 170 പ്രവാസി സംഘടനപ്രതിനിധികള്‍, വിവിധ പ്രവാസി പ്രമുഖര്‍, സംസ്ഥാനത്തെ മുഴുവന്‍ എം.പിമാരും എം.എല്‍.എമാരും, മറ്റ് സംഘടനകളില്‍ നിന്നുള്ള നിരീക്ഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പാനല്‍ചര്‍ച്ചകളാണ് നടക്കുക. നോര്‍ക്ക റൂട്‌സ് ആണ് സംഘാടകര്‍. ലോക സമ്പദ്‌വ്യവസ്ഥയില്‍ അനുഭവപ്പെടുന്ന മാന്ദ്യം, ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍നിയമങ്ങളിലുണ്ടായ കാര്‍ക്കശ്യം തുടങ്ങിയവ കാരണം പ്രവാസിമലയാളികള്‍ വന്‍തോതില്‍ മടങ്ങേണ്ടിവരുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close