രഹസ്യങ്ങളൊളിപ്പിച്ച കൊട്ടാരം

രഹസ്യങ്ങളൊളിപ്പിച്ച കൊട്ടാരം

സി പി എഫ് വേങ്ങാട്-
അതീവ രഹസ്യങ്ങളുടെ കലവറയാണ് കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം. നൂറ്റാണ്ടുകള്‍ നീണ്ട രാജഭരണം വലിയ എതിര്‍പ്പുകളില്ലാതെ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കായംകുളം(ഓടനാട്) രാജവംശത്തിന് കഴിഞ്ഞത് ഒരു പക്ഷെ അങ്ങാടിപ്പാട്ടാകാത്ത അരമന രഹസ്യങ്ങളാവാം. ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത യുദ്ധ തന്ത്രവും ഇരുതല മൂര്‍ച്ചയുള്ള കായംകുളം വാളും കൈമുതലായുള്ള കായംകുളം തമ്പുരാക്കന്‍മാര്‍ കൊട്ടാര കാര്യങ്ങള്‍ പുറത്തറിയരുതെന്ന് കണിശമായി ആഗ്രഹിച്ചു. അതിനായി അവര്‍ കൊട്ടാരത്തിലെ സ്ത്രീ ജനങ്ങളെ പടിക്കു പുറത്താക്കി. അവരുടെ താമസത്തിനായി ഈ കൊട്ടാരത്തിന് കുറച്ചകലെയായി മറ്റൊരു രാജഭവനവും പണിതു എന്നറിയുമ്പോള്‍ ഈ രാജവംശം കൊട്ടാര കാര്യങ്ങളില്‍ എത്രമാത്രം താല്‍പ്പര്യം കാട്ടി എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത അക്കാലത്ത് കല്ലുപിളര്‍ക്കുന്ന ആ രാജശാസന തെറ്റിക്കാന്‍ തമ്പുരാട്ടിമാരും ധൈര്യം കാണിച്ചില്ല.
എന്തായാലും അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കരുതെന്നാഗ്രഹിച്ച കായംകുളം തമ്പുരാക്കന്‍മാരും അത് അപ്പാടെ ചെവികൊണ്ട കൊട്ടാരം സേവകരും ചരിത്രത്തില്‍ മിന്നിത്തെളിയുമ്പോള്‍ കാലങ്ങള്‍ക്കിപ്പുറത്ത് എല്ലാ രഹസ്യങ്ങളും പരസ്യമായി എന്നത് ചരിത്രത്തിന്റെ വിരോധാഭാസം എന്നല്ലാതെ മറ്റെന്ത് പറയാന്‍.
അറിയുന്തോറും വിസ്മയമേകുന്നതാണ് കായംകുളം കൊട്ടാരത്തിന്റെ ചരിത്രപ്പെരുമ. നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഏല്‍പ്പിച്ച പോറലുകളും വണ്ടുകളുടെ ആക്രമണവും കാരണം ബലഹീനമായി കിടന്ന ചില ഭാഗങ്ങളുടെ അറ്റകുറ്റപ്പണി നടത്തി അണിഞ്ഞൊരുങ്ങിയ ഈ ചരിത്ര സ്മാരകം സന്ദര്‍ശകരെ മാടി വിളിക്കുകയാണ്. സ്വദേശികളും വിദേശികളുമായി നിരവധി സഞ്ചാരികളാണ് ഇവിടം തേടി എത്തിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്തു നിന്നും രണ്ടുകിലോമീറ്റര്‍ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയ പാതയില്‍ കൃഷ്ണപുരം മുക്കട ജംഗ്ഷനില്‍ നിന്ന് 500 മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കൊട്ടാരത്തിലെത്താം.


തമ്പുരാട്ടിമാരെ പടിക്ക് പുറത്താക്കിയ രാജകല്‍പ്പനകള്‍

അതീവ പ്രാധാന്യമുള്ള കൊട്ടാര കാര്യങ്ങള്‍ ഒരു കാരണവശാലും അങ്ങാടിപ്പാട്ടാകരുതെന്ന് ആഗ്രഹിച്ചവരാണ് കായംകുളം രാജാക്കന്‍മാര്‍. അതിനവര്‍ കര്‍ക്കശമായ ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഈ കാര്യം സാധിക്കാനായി അവര്‍ കൊട്ടാരവാസികളായ സ്ത്രീകളെ പോലും ഇവിടെ താമസിപ്പിച്ചില്ല. സ്ത്രീകള്‍ക്ക് രഹസ്യം സൂക്ഷിക്കാന്‍ കഴിയില്ലെന്ന് കായംകുളം തമ്പുരാക്കന്‍മാര്‍ ഉറച്ചു വിശ്വസിച്ചു.
തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ സ്ത്രീ ജനങ്ങളുടെ ചുണ്ടുകളില്‍ നിന്നു മനപൂര്‍വമല്ലാതെങ്കിലും പുറത്തേക്കൊഴുകിയാലോ എന്നവര്‍ ഭയപ്പെട്ടു. തുടര്‍ന്ന് കായംകുളം കീഴടക്കിയ മാര്‍ത്താണ്ഡവര്‍മ്മയും ഈ രീതി പിന്തുടര്‍ന്നതായി കൊട്ടാരം രേഖകള്‍ സൂചിപ്പിക്കുന്നു. കുറച്ചകലെയുണ്ടായിരുന്ന എരുവ കൊട്ടാരത്തിലാണ് കൊട്ടാരവനിതകള്‍ പാര്‍ത്തിരുന്നത്. റാണിക്കു മുഖം കാണിക്കണമെന്ന് അറിയിക്കുമ്പോള്‍ രാജാവ് എരുവയിലേക്ക് എഴുന്നള്ളുകയായിരുന്നു പതിവ്. ചുരുക്കിപ്പറഞ്ഞാല്‍ രാജഭരണം കൃഷ്ണപുരത്തും പള്ളിയുറക്കം എരുവയിലും.
ഓടനാട് രാജവംശം നേരും നെറിയും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് കായംകുളത്തെ പഴയ തലമുറ ഇപ്പോഴും വിശ്വസിച്ച് വരുന്നു. ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്നെന്ന കാര്യം പ്രദേശവാസികള്‍ക്കും ചരിത്ര ഗവേഷകര്‍ക്കും അപ്പുറം അധികമാര്‍ക്കും അറിയില്ല. എന്നാല്‍ ആ രഹസ്യം ഇനി അങ്ങാടിപ്പാട്ടാവട്ടെ..
പിന്നീട് കായംകുളം രാജാവിനെ തോല്‍പ്പിക്കാന്‍ പടയോട്ടം നടത്തിയ മാര്‍ത്താണ്ഡവര്‍മ്മ, തന്റെ മന്ത്രി ആയിരുന്ന രാമയ്യന്‍ ദളവയുടെ സഹായത്തോടെ ചതിയുദ്ധം നടത്തി കായംകുളം രാജാവിനെ വധിക്കുകയായിരുന്നു. കൊട്ടാരവും മാര്‍ത്താണ്ഡവര്‍മ്മ തകര്‍ത്തു തരിപ്പണമാക്കി. എരുവ കൊട്ടാരത്തിലെ സ്ത്രീകള്‍ ജീവരക്ഷാര്‍ഥം പലായനം ചെയ്തു. കൊട്ടാരത്തിന്റെ പൊടിപോലും അവശേഷിപ്പിക്കാതെ നശിപ്പിച്ച തിരുവിതാംകൂര്‍ രാജാവ് ഇവിടെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഹ്രസ്വരൂപം നിര്‍മിക്കാന്‍ കല്‍പിച്ചു.
അടങ്ങാത്ത പക തീര്‍ക്കുംപോലെ കൃഷ്ണപുരം കൊട്ടാരം തരിപ്പണമാക്കിയെങ്കിലും പുതുതായി നിര്‍മിച്ച കൊട്ടാരം വാസ്തുവിദ്യയില്‍ മുന്നിട്ടു നിന്നു. കായംകുളത്തിന്റെ മുഖം മാറ്റിയെങ്കിലും രാജാവിന്റെ ശീലം മാറ്റാന്‍ മാര്‍ത്താണ്ഡവര്‍മ തയാറായില്ല. കൊട്ടാരത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനനിഷേധം തുടര്‍ന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ സ്ത്രീകളാരും കൃഷ്ണപുരം കൊട്ടാരത്തില്‍ എത്തിയില്ലെന്നാണ് ഇപ്പോഴും വിശ്വസിച്ചു വരുന്നത്.


ചരിത്രം

തൃകോണാകൃതിയിലുള്ള മുഖപ്പുകളോടു കൂടിയ മേല്‍ക്കൂരയും കനത്ത വാതില്‍പ്പടികളും ഇടുങ്ങിയ ഇടനാഴികളുമെല്ലാം നിറഞ്ഞ പതിനാറുകെട്ടാണ് കൃഷ്ണപുരം കൊട്ടാരം. ഇരുപത്തിരണ്ടോളം മുറികളുള്ള കൊട്ടാരത്തില്‍ പൂമുഖം, കോവണിത്തളം, നീരാഴിക്കെട്ട്, നെല്ലറ, മടപ്പള്ളി,അടുക്കള എന്നിവ താഴത്തെ നിലയിലും മന്ത്രശാല, അതിഥിമുറി, കിടപ്പുമുറികള്‍ എന്നിവ മുകളിലത്തെ നിലയിലുമാണുള്ളത്.
1746ലെ മാര്‍ത്താണ്ഡ വര്‍മ്മയുടെ കായംകുളം അധിനിവേശത്തോടെയാണ് ഈ കൊട്ടാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ഓടനാട് എന്നാണ് ഈ രാജവംശം ആദ്യ കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. കണ്ടിയുര്‍ മറ്റം ആയിരുന്നു ഇവരുടെ തലസ്ഥാനം. പിന്നീട് കായംകുളത്തെ എരുവ കേന്ദ്രമാക്കി ഭരണം നടത്തിയതോടെയാണ് ഇവര്‍ കായംകുളം രാജവംശം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്ന് പ്രമുഖ ചരിത്രകാരനായ എ ശ്രീധരമേനോള്‍ എ സര്‍വേ ഓഫ് കേരള ഹിസ്റ്ററി എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

‘The kingdom was originally called Odanad, it comprised of portions of Chengannur, Mavelikkara, Karunagapally and Karthikapally taluks. Its original capital was Kandiyur Mattam near Mavelikkara.
In the 15th century the capital of Odanad was shifted to Eruva in Kayamkulam. Thereafter, the kingdom was known as Kayamkulam (Kulli Quilon) ‘ A survey of Kerala Histroy, A Sreedhara Menon. Page- 163

ഓടനാട് രാജാവായിരുന്ന വീര രവി വര്‍മ്മയെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ മാര്‍ത്താണ്ഡ വര്‍മ്മ അദ്ദേഹത്തിന്റെ കൊട്ടാരം പിടിച്ചടക്കി എന്ന് പറഞ്ഞുവല്ലോ. അന്നൊരു നാലുകെട്ട് മാതൃകയില്‍ സ്ഥിതി ചെയ്തിരുന്ന പഴയ കൊട്ടാരം പൊളിച്ചു പകരം തന്റെ സ്വന്തം കൊട്ടാരമായ പത്മനാഭപുരത്തിന്റെ മാതൃകയില്‍ ഒരു രാജഹര്‍മ്യം പണിയാന്‍ വിശ്വസ്ഥനായ രാമയ്യന്‍ ദളവയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഒരു എട്ടുകെട്ടാണ് രാമയ്യന്‍ ദളവ പണികഴിപ്പിച്ചത്. പിന്നീട് പതിനാറു കെട്ടായി വിപുലപ്പെടുത്തിയത് പ്രധാനമന്ത്രി ആയിരുന്ന അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള ആയിരുന്നു. ഒരു സ്ഥിര താമസത്തിനല്ല, വടക്കന്‍ പര്യടന വേളകളില്‍ തങ്ങാനുള്ള ഒരു ഔട്ട് ഹൗസ് മാത്രമായിരുന്നു മാര്‍ത്താണ്ഡ വര്‍മ്മക്ക് ഈ കൊട്ടാരമെങ്കിലും പ്രൗഡിയില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. വൈദ്യുതി കണ്ടുപിടിച്ചിട്ടില്ലായിരുന്ന ആ കാലഘട്ടത്തില്‍ മതിയായ വായു സഞ്ചാരം എല്ലാ മുറികളിലും ഉറപ്പിക്കാന്‍ പതിനാറു കെട്ടിന്റെ പ്രത്യേകതയായ നാല് നടുമുറ്റങ്ങളും എല്ലാ മുറികളിലും ധാരാളമായുള്ള ജനലുകളും സഹായിക്കുന്നു. പടിഞ്ഞാറ് ഭാഗത്തായി കൊട്ടാരത്തിന്റെ ഉള്ളിലേക്ക് കയറി കിടക്കുന്ന വലിയ കുളം ഒരു എയര്‍ കണ്ടിഷന്‍ തണുപ്പ് മുറികള്‍ക്ക് നല്‍കുന്നുണ്ട്. രാജാവ് കുളത്തില്‍ നിന്നും കുളി കഴിഞ്ഞ് കയറിവരുമ്പോള്‍ തൊഴാനായി ചുമരില്‍ വരച്ചിട്ടുള്ള ഗജേന്ദ്ര മോക്ഷം ചുവര്‍ ചിത്രം ലോക പ്രസിദ്ധമാണ്. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റ ചുമര്‍ ചിത്രമാണിത്. മഹാഭാരതത്തിലെ അഷ്ടമസ്‌കന്ധം കഥയാണ് ചിത്രത്തിലെ ഇതിവൃത്തം. 154 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടിതിന്. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞള്‍പ്പൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിന്റെ നീര് എന്നിവയാണ് വരക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 1750 നും 53 നും ഇടയില്‍ വരച്ചതാണെന്നു കരുതുന്നു. ഋതുമ തടാകത്തില്‍ ഗജേന്ദ്രനു വിഷ്ണുമോക്ഷം നല്‍കുന്നതാണ് സന്ദര്‍ഭം.
തേക്കിലും ആഞ്ഞിലിയിലും കടഞ്ഞെടുത്ത കൊത്തുപണികളാല്‍ സമ്പന്നമാണ് ഇവിടെയുള്ള 22 മുറികളും. ഇടുങ്ങിയ ഇടനാഴികളും കുത്തനെയുള്ള ഗോവണികളും കൊട്ടാരത്തിലെ പുറം കാഴ്ചകള്‍ കാണാനായി നിര്‍മ്മിച്ചിട്ടുള്ള കിളിവാതിലുകളും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. പുറത്തു നില്‍ക്കുന്ന ഒരാള്‍ക്ക് അകത്തുള്ളവരെ കാണാനാകില്ല എന്നതാണ് ഈ കിളിവാതിലുകളുടെ സവിശേഷത. രാജ കൊട്ടാരങ്ങളുടെ മുഖ മുദ്രയായ ദര്‍ബാര്‍ ഹാളും കഥകളിയും മറ്റും അരങ്ങേറിയിരുന്ന ഒരു നൃത്ത മണ്ഡപവും വലുപ്പത്തില്‍ ചെറുതാണെങ്കിലും ഇവിടെയും ഇടം പിടിച്ചിട്ടുണ്ട്. ഈ കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകതയാണ് മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയോട് ചേര്‍ന്നുള്ള പള്ളി കക്കൂസ്. ഒരു കക്കൂസിന് എന്താണിത്ര പ്രത്യേകത എന്ന് ചിന്തിച്ചു പോകരുത്. ഇത്രയും വാസ്തു ശാസ്ത്രവും കര്‍ണസൂത്രവും ഒക്കെ നോക്കി നിര്‍മ്മിച്ച ഈ കൊട്ടാരത്തിലെ കക്കൂസ് കന്നി മൂലയിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു ആചാര പ്രകാരം കക്കൂസുകള്‍ കന്നിമൂലയില്‍ വരാന്‍ പടുള്ളതല്ല. എന്നാല്‍ ഡച്ചുകാരുമായി സൗഹൃദത്തിലായ കാലത്താണ് മുറികളോട് ചേര്‍ന്ന് ഇത്തരം കക്കുസുകള്‍ നിര്‍മ്മിച്ചിരുന്നത്. ഡച്ച്കാര്‍ക്കെന്തു വാസ്തു ശാസ്ത്രം..! മാത്രമല്ല ഡച്ച് ഭാഷയില്‍ മലവിസര്‍ജനം നടത്തുന്ന സ്ഥലത്തിന് കാക്കൂയിസ് എന്നാണ് പറഞ്ഞിരുന്നത്. ഇതില്‍ നിന്നാണ് കക്കൂസ് എന്ന വാക്കുണ്ടായതെന്നും വിശ്വസിച്ച് പോരുന്നു.
കാലങ്ങള്‍ പിന്നിട്ടതോടെ രാജഭരണം ജനാധിപത്യത്തിനു വഴിമാറി. കൊട്ടാരമാകട്ടെ റവന്യുവകുപ്പ് ഏറ്റെടുത്ത് 1960ല്‍ പുരാവസ്തു വകുപ്പിനു കൈമാറി. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ശേഷം മോടി പിടിപ്പിച്ച കൊട്ടാരം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. രാവിലെ 9.30 മുതല്‍ വൈകിട്ടു 4.30 വരെ കൊട്ടാരത്തില്‍ ടിക്കറ്റെടുത്ത് സ്ത്രീപുരുഷ ഭേദമന്യെ ആര്‍ക്കും പ്രവേശിക്കാം. സ്ത്രീകളെ പടിപ്പുരക്കു നിര്‍ത്തിയ രാജഭരണത്തിന്റെ തിരുശേഷിപ്പുകള്‍ കണ്ടു മടങ്ങാം.
നയന മനോഹരമായ ഒരു പൂന്തോട്ടം പരിപാലിക്കുന്നതുള്‍പ്പെടെ പ്രശംസനീയമായ രീതിയില്‍ പുരാവസ്തു വകുപ്പ് ഈ കൊട്ടാരം സംരക്ഷിച്ചു പോരുന്നുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും വകുപ്പ് സംരക്ഷിക്കുന്ന പല അപൂര്‍വ്വ വസ്തുക്കളും പ്രദര്‍ശിപ്പിച്ച് ഒരു മ്യൂസിയം എന്ന നിലയില്‍ ഇവിടം സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് സംതൃപ്തി നല്‍ക്കുന്ന കാഴ്ച ഒരുക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് ഇരുതല മൂര്‍ച്ചയുള്ള പ്രസിദ്ധമായ കായംകുളം വാള്‍, വിവിധ യുദ്ധ ഉപകരണങ്ങള്‍, കയ്യാമങ്ങള്‍, സംസ്‌കൃതത്തില്‍ രചിച്ചിട്ടുള്ള ബൈബിള്‍, പല്ലക്ക്, നാണയങ്ങള്‍, നാണയം നിര്‍മ്മിച്ചിരുന്ന കമ്മട്ടം, പിന്നെ കുറേ ചരിത്ര വസ്തുക്കളുടെ മാതൃകകള്‍ തുടങ്ങിയവ.
കൊട്ടാരത്തിന് പുറത്ത് ഒരു ഉദ്യാനം കാണാം. ഉദ്യാനത്തിന്റെ തെക്കേ അറ്റത്തായി ഒരു ബുദ്ധന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ആ പ്രതിമ പണ്ട് ആലപ്പുഴ പ്രദേശത്ത് നിലനിന്നിരുന്ന ബുദ്ധ സങ്കേതങ്ങളുടെ ചൂണ്ടു പലകയാണ്. കരുനാഗപ്പള്ളിക്ക് അടുത്തുള്ള ബുദ്ധക്കുളം എന്ന സ്ഥലത്ത് നിന്നും ലഭിച്ചതാണ് ഹീനയാന കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ പ്രതിമ എന്നാണ് വിശ്വസിച്ചു പോരുന്നത്.
എന്തായാലും കൊട്ടാര രഹസ്യം ചോരുമെന്നോര്‍ത്ത് സ്ത്രീകളെ പടിക്കു പുറത്താക്കി പുണ്യാഹം തെളിച്ച കാലമല്ല ഇത്.
നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് നിന്നും കൃഷ്ണപുരം കൊട്ടാരം വിളിക്കുകയാണ്… ചരിത്രത്തിന്റെ വാതായനങ്ങള്‍ തുറന്ന് ഒരു അരമന രഹസ്യത്തിന്റെ അടിവേരുകള്‍ കാണാന്‍.

(കേരളത്തിലെ കോട്ടകള്‍’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ലേഖകന്‍ ഇപ്പോള്‍ കൊട്ടാരങ്ങളെയും രാജവംശങ്ങളെയും കുറിച്ച് പഠനം നടത്തുകയാണ്.)

Post Your Comments Here ( Click here for malayalam )
Press Esc to close