ഒറ്റക്കാലില്‍ കൊറിയന്‍ ബീഡ്‌സ് പാദസരങ്ങള്‍

ഒറ്റക്കാലില്‍ കൊറിയന്‍ ബീഡ്‌സ് പാദസരങ്ങള്‍

ഫാഷന്‍ ദിനംപ്രതി മാറുന്ന കാഴ്ചയാണിപ്പോള്‍… വെള്ളിപ്പാദസരവും സ്വര്‍ണപ്പാദസരവും ഇപ്പോള്‍ ഔട്ടായി. ഒറ്റക്കാലില്‍ അണിയാവുന്ന കൊറിയന്‍ ബീഡ്‌സ് ഫാന്‍സി പാദസരങ്ങളാണ് കൗമാരക്കാര്‍ക്കിടയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. ബഹുവര്‍ണങ്ങളിലുള്ള മുത്തുകള്‍ക്കൊപ്പം കൊച്ചു ഷെല്ലുകള്‍ കോര്‍ത്തെടുത്ത ഇത്തരം പാദസരങ്ങള്‍ കണങ്കാലില്‍ അണിഞ്ഞാല്‍ ആരുമൊന്ന് നോക്കിപ്പോകും. അത്രക്ക് സൂപ്പര്‍ ലുക്കാണിതിന്. കറുപ്പും വെള്ളയും സ്വര്‍ണനിറവും ഇടകലര്‍ന്നുനില്‍ക്കുന്ന ഡിസൈന്‍ ആണ് കൊറിയന്‍ ബീഡ്‌സ് പാദസരങ്ങളുടേത്. കൗമാരക്കാര്‍ മാത്രമല്ല, യുവതികളും ഇപ്പോള്‍ ഇത്തരം പാദസരങ്ങളുടെ ആരാധകരായി മാറിയിരിക്കുകയാണ്. നിറമുള്ള ചരടുകളില്‍ മുത്തു പിടിപ്പിച്ചവ, വൈറ്റ്‌മെറ്റലിലും ബ്ലാക്ക് മെറ്റലിലും ഉള്ളവ, നേര്‍ത്ത നൂലുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ കോര്‍ത്തിണക്കിയവ… ഇങ്ങനെ പോകുന്നു പാദസരങ്ങള്‍. മറ്റൊരു സ്‌റ്റൈല്‍ കൂടി പെണ്‍കൊടികള്‍ ഫോളോ ചെയ്യുന്നുണ്ട്. കറുത്ത നിറത്തിലോ അല്ലെങ്കില്‍ ബഹുവര്‍ണങ്ങളിലോ ഉള്ള ചരട്, ഒരു കാലില്‍ മാത്രം കെട്ടുക. പാദസരത്തിനു പകരമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ഈ ചരടില്‍ താല്‍പര്യം അനുസരിച്ച് മുത്തുകളോ ഞാത്തുകളോ വര്‍ണക്കടലാസോ ഒക്കെ കെട്ടിയിട്ട് കൂടുതല്‍ സ്‌റ്റൈലിഷാക്കാം. ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കാം എന്നതാണ് ഇത്തരം പാദസരങ്ങളുടെ ഗുണം. അധികം വിലയില്ലാത്തതിനാല്‍ പോക്കറ്റ് കാലിയാകുമെന്ന പേടിയും വേണ്ട. ഹാഗിംഗ് ടൈപ്പ് പാദസരങ്ങളാണ് ഫാന്‍സി പാദസരങ്ങളിലെ മറ്റൊരിനം. ജീന്‍സ്, കാപ്രി, മിഡി… വസ്ത്രം ഏതായാലും അവക്കൊപ്പം പാദസരങ്ങള്‍ അണിയാമെന്നതാണ് മറ്റൊരു സവിശേഷത. യുവതികള്‍ ഫാന്‍സി സാരിക്കൊപ്പവും ഇത്തരം പാദസരങ്ങള്‍ അണിയാറുണ്ട്. 50 രൂപ മുതല്‍ 125 രൂപ വരെയാണ് വില. കുന്ദന്‍ വര്‍ക്ക് ചെയ്ത ഹാഗിംഗ് ടൈപ്പ് ആന്റ്വിക് ഗോള്‍ഡ് പാദസരങ്ങള്‍ക്ക് 100 മുതല്‍ 150 രൂപ വരെ വില വരും. ഒക്‌സിഡൈസ്ഡ് സില്‍വര്‍ പാദസരങ്ങളുടെ വില 50 മുതല്‍ 150 രൂപ വരെയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close