വിവാദ പരാമര്‍ശം; നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വിവാദ പരാമര്‍ശം; നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഗായത്രി-
കൊച്ചി: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ കൊല്ലം തുളസി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
കൊല്ലം തുളസിയുടേത് ഒരു രാഷ്ട്രീയ പ്രസംഗം മാത്രമായി കാണാനാകില്ലെന്നും തെറ്റായ സന്ദേശമാണത് നല്‍കുന്നതെന്നും കോടതി നിരീക്ഷിച്ചു. ശബരിമല യുവതീപ്രവേശനത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാനുള്ള പ്രസംഗമാണ് നടന്‍ നടത്തിയതെന്നും കോടതി വിമര്‍ശിച്ചു.
ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രസംഗത്തിലായിരുന്നു കൊല്ലം തുളസി വിവാദ പ്രസ്താവന നടത്തിയത്. ശബരിമലയിലേക്ക് പോകുന്ന യുവതികളെ രണ്ടായി കീറി സുപ്രീംകോടതിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിക്കണമെന്നും വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ ശുംഭന്മാര്‍ ആണെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചവറ പോലീസ് കേസെടുത്തത്. പിന്നീട് ഈ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തിയ അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close