കൊച്ചി മെട്രോക്ക് അഞ്ചുവയസ്സ്

കൊച്ചി മെട്രോക്ക് അഞ്ചുവയസ്സ്

ഫിദ-
കൊച്ചി: കൊച്ചിയുടെ അഭിമാനപദ്ധതിയായ മെട്രോ പിറന്നിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു.
ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിയിരുന്ന നഗരത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസവും അനുഗ്രഹവുമാവുകയായിരുന്നു മെട്രോയുടെ വരവ്. നിലവില്‍ ലാഭകരമല്ലെങ്കിലും കൂടുതല്‍ ജനപങ്കാളിത്തത്തോടെ മെട്രോയെ വളര്‍ത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍).

1999ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ സാധ്യതാപഠനം നടത്തിയത്. 2004ല്‍ ആദ്യ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിശദമായ പദ്ധതിരേഖ തയാറാക്കി. 2007ല്‍ അച്യുതാനന്ദന്‍ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നല്‍കി. 2012 സെപ്റ്റംബര്‍ 13ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ആദ്യഘട്ട നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. 2016 ജനുവരി 23ന് ആദ്യ പരീക്ഷണ ഓട്ടം. 2017 ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു. ആലുവയില്‍നിന്നു തുടങ്ങുന്ന മെട്രോ ലൈന്‍ പേട്ടയും എസ്എന്‍ ജംഗ്ഷനും കടന്ന് മുന്നേറുകയാണ്. പേട്ടഎസ്എന്‍ ജംഗ്ഷന്‍ യാത്രാ സര്‍വീസ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിച്ചാലുടന്‍ തുടങ്ങും. മെട്രോയുടെ ഏറ്റവും വലിയ സ്‌റ്റേഷനായിരിക്കും വടക്കേകോട്ടയിലേത്.

തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കുളള 1.20 കിലോമീറ്റര്‍ അടുത്ത ജൂണില്‍ പൂര്‍ത്തിയാകും. കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍നിന്നു കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടത്തിന്റെ നിര്‍മാണം കേന്ദ്ര അനുമതിയുടെ ചെറിയ കടമ്പകള്‍ നീങ്ങിയാല്‍ ഉടന്‍ ആരംഭിക്കും.

മെട്രോയുടെ മൂന്നാംഘട്ട വികസന പദ്ധതിയിലാണ് ആലുവ, അങ്കമാലി, നെടുമ്പാശേരി റൂട്ടുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാലാംഘട്ടത്തില്‍ തൃപ്പൂണിത്തുറയില്‍നിന്നു കാക്കനാട്ടേക്ക് മെട്രോയെ ബന്ധിപ്പിക്കും. പ്രതിദിനം അറുപതിനായിരം മുതല്‍ അറുപത്തയ്യായിരം വരെ യാത്രക്കാരാണ് ഇപ്പോഴുള്ളത്. അത് ഒരു ലക്ഷത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആറു മാസത്തിനുള്ളില്‍ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ. ടിക്കറ്റ് നിരക്ക് കൂട്ടാനോ കുറയ്ക്കാന്‍ നിലവില്‍ ഉദ്ദേശ്യമില്ല.

 

ആലുവയില്‍നിന്നു പേട്ട വരെയുള്ള അറുപതു രൂപ നിരക്കുതന്നെയാവും പുതിയ സ്‌റ്റേഷനായ എസ്എന്‍ ജംഗ്ഷനിലേക്കും. സ്ഥിരം യാത്രക്കാര്‍ക്ക് നല്‍കുന്ന ട്രിപ്പ് കാര്‍ഡ് ഉപയോഗിച്ചാല്‍ നിരക്കില്‍ 33 ശതമാനം കുറവ് ലഭിക്കും. മെട്രോ കാര്‍ഡുള്ളവര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close