കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ടപാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ടപാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടംപേട്ട പാത ഉദ്ഘാടനം ചെയ്തത്. എസ്എന്‍ ജംഗ്ഷനില്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള സിവില്‍ ജോലികളുടെ ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി അദ്ധ്യക്ഷത വഹിച്ചു.
വിശാല കൊച്ചിയുടെ വികസനത്തിന്റെ നാഴികക്കല്ലാണ് കൊച്ചി മെട്രോ. മെയ് മാസത്തില്‍ തന്നെ പേട്ടവരെയുള്ള മെട്രോ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യമാണ് ഉദ്ഘാടനം വൈകാന്‍ കാരണമായത്. രണ്ടാം ഘട്ട മെട്രോയുടെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം തൈക്കൂടം പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂര്‍ത്തിയായതായും രണ്ടാം ഘട്ടത്തിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഉടന്‍ അംഗീകാരം നല്‍കുമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. 6218 കോടി രൂപയ്ക്കാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായത്. മെട്രോ യാത്രയ്ക്കായി സംസ്ഥാനം നല്‍കിയിരിക്കുന്ന കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ഉത്തരവാദിത്വത്തോടെ യാത്ര ചെയ്യണം എന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തതിനു ശേഷം ജനപ്രതിനിധികളും ജില്ലാ കളക്ടറും പേട്ട മുതല്‍ തൈക്കൂടം വരെ മെട്രോയില്‍ യാത്ര നടത്തി.
ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ , ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ പി.ടി. തോമസ്, എം സ്വരാജ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ എസ് സുഹാസ് , ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തുടങ്ങി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തൈക്കൂടത്തു നിന്നും പേട്ടയിലേക്കുള്ള 1.33 കിലോമീറ്റര്‍ പാതയോടെ കൊച്ചി മെട്രോയുടെ ആകെ ദൈര്‍ഘ്യം 25.2 കിലോമീറ്ററായി.
ജര്‍മന്‍ ബാങ്ക് കെ എഫ് ഡബ്യുവിന്റെ സഹായത്തോടെ 747 കോടി രൂപ ചെലവില്‍ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്കുീ കെഎംആര്‍എല്‍ തുടക്കമിടുന്നുണ്ട്. ഇതോടെ മെട്രോയോട് ചേര്‍ന്ന് ജലഗതാഗതം ആരംഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമാകും കൊച്ചി.

Post Your Comments Here ( Click here for malayalam )
Press Esc to close