കോട്ടകള്‍ കടന്ന്…

കോട്ടകള്‍ കടന്ന്…

സഫിയ മുഹിയദ്ദീന്‍-
നോവലും കഥകളും ഇത്തിരി കവിതകളുമുള്ള എന്റെ വായനാ ലോകത്തേക്കാണ് കഴിഞ്ഞ ദിവസം സി പി എഫ് വേങ്ങാടിന്റെ കേരളത്തിലെ കോട്ടങ്ങള്‍ എന്ന പുസ്തകമെത്തുന്നത്. വായന ആരംഭിച്ചപ്പോള്‍ തന്നെ എന്തുകൊണ്ടാണിതിലെ ഏതെങ്കിലുമൊരധ്യായം കുട്ടികളുടെ ചരിത്ര പാഠ പുസ്തകത്തിലുള്‍പ്പെടാതെപോയതെന്ന ചോദ്യമാണ് ആദ്യം മനസിലേക്കെത്തിയത്.കോട്ടകളെ കുറിച്ചെഴുതിയ പ്രഥമ പുസ്തകം തീര്‍ച്ചയായും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഏറെ പ്രയോജനപ്പെടുക തന്നെ ചെയ്യും.
കൈരളി ബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പും പൂര്‍ണമായി വായനക്കാരുടെ കൈകളിലെത്തിക്കഴിഞ്ഞു.
എന്താണ് കോട്ടകള്‍ എന്ന വിശദീകരണത്തോടെ യാണ്ഒന്നാം അധ്യായം ആരംഭിക്കുന്നത്. ഋഗ്വേദത്തില്‍ പരാമര്‍ശിക്കുന്ന കോട്ടകള്‍ തൊട്ട് കാലത്തിന്റെ സാക്ഷിയായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടകളിലേക്ക് പതുക്കെ എഴുത്തുകാരന്‍ നടന്നു നീങ്ങുമ്പോള്‍ ഒരു കഥയുടെ അവസാനത്തേക്കുള്ള യാത്ര പോലെ വായനക്കാരനും കൂടെ സഞ്ചരിക്കാതിരിക്കാന്‍ കഴിയില്ല.
ഇന്നും നിലനില്‍ക്കുന്ന കോട്ടകളിലൂടെ നമ്മുടെ യാത്രയും മുന്നോട്ട് പോകും. കണ്ണൂര്‍, ബേക്കല്‍ കോട്ടകളുടെ മനോഹാരിത പലവട്ടം ആസ്വദിച്ചിട്ടുണ്ടെങ്കിലും അതിന്റെ നിര്‍മ്മാണ രീതിയിലേക്കോ ചരിത്രത്തിലേക്കോ എന്റെ മനസധികം ഇറങ്ങിച്ചെന്നിരുന്നില്ല. രണ്ടാം അധ്യായത്തിലെ കോട്ടകളെ കുറിച്ചുള്ള വിവരണം ഒരു നിമിഷം പഴയ കുളമ്പടി ശബ്ദത്തിലേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോയി. കാണാന്‍ സാധിക്കാതെ പോയ പള്ളിപ്പുറം, തലശ്ശേരി, അഞ്ച് തെങ്ങ് തുടങ്ങിയ കോട്ടകളിലൂടെ മനസുകൊണ്ടൊരു പ്രദക്ഷിണം നടത്തി.
നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിച്ചതിന്റെ തെളിവുകള്‍ വായനയിലുടനീളം നമുക്ക് ബോധ്യപ്പെടും. ഇന്നും നിലനില്‍ക്കുന്ന വയേക്കാള്‍ തകര്‍ന്നടിഞ്ഞ കോട്ടകളാണ് കേരളത്തിലധികവും.
പേരുകളില്‍ പലതും ആദ്യമായി കേള്‍ക്കുന്നത്.സാഹിത്യ അക്കാദമി, ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, യൂണിവേഴ്‌സിറ്റിലൈബ്രറി തുടങ്ങിയിടത്തുള്ള രേഖകളെല്ലാം പരിശോധിച്ച് ആധികാരികത ഉറപ്പാക്കി എഴുതിയ വിവരണങ്ങള്‍ .
തങ്കശ്ശേരി കോട്ട, കൊടുങ്ങല്ലൂര്‍ കോട്ട, ചന്ദ്രഗിരി., കുമ്പള ആരിക്കാടി കോട്ട തകര്‍ന്നടിഞ്ഞവയുടെ പേരുകളങ്ങനെ നീളുന്നു.
അവയുടെ പുരാവൃത്തങ്ങളിലൂടെ വിശദമായി തന്നെ കടന്നു പോകുന്നുണ്ട്. തുടര്‍ന്നുള്ള അധ്യായം വായിക്കുമ്പോഴും തലമുറയ്‌ക്കൊരു മുതല്‍കൂട്ടുതന്നെയാണീ പുസ്തകമെന്ന ഓര്‍മ്മപ്പെടുത്തല്‍ മനസിലേക്കെത്തും.
കോഴിക്കോട് ഭാഗത്ത് പോര്‍ച്ചുഗീസുകാര്‍ പണിത ചാലിയംകോട്ട, കല്ലായി കോട്ട,സാമൂതിരിയുടെ പാപ്പിനിവട്ടംകോട്ട തുടങ്ങിയവയെല്ലാം ചരിത്രത്തിന്റെ താളുകളില്‍ മാത്രമായി സ്ഥാനം പിടിച്ചു കഴിഞ്ഞു.കാലം തകര്‍ത്തെറിഞ്ഞ കോട്ടകളുടെ പേരുകള്‍ പിന്നെയുമുണ്ട്.
എം.മുകുന്ദനും വെള്ളിയാങ്കല്ലും അല്‍ഫോന്‍സച്ചനുമെല്ലാം നിറഞ്ഞു നിന്ന എന്നിലേക്ക്മയ്യഴിയുടെ മറ്റൊരു മുഖമായ് അവിടുത്തെ കോട്ടകള്‍ കടന്നു വന്നു.ഫ്രഞ്ചു സംസ്‌കാരം ആഴത്തില്‍ വേരോടിയ മയ്യഴിയുടെ മണ്ണിലെ കോട്ടകളുടെ അവശിഷ്ടങ്ങള്‍ പോലും അപ്രത്യക്ഷമായിരിക്കുന്നു.
തമിഴ് മണ്ണില്‍ തകര്‍ന്നടിയുന്ന കേരളത്തിലെ കോട്ടകളെ കുറിച്ചുള്ള വേദനയോടെയാണ് പുസ്തകമവസാനിക്കുന്നത്. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപം കൊണ്ടപ്പോള്‍ കേരളത്തിന് നഷ്ടമായവ. ഉദയഗിരി കോട്ട, വട്ടക്കോട്ട, പത്മനാഭപുരം കോട്ട തുടങ്ങിയവ ഇതില്‍പ്പെടുന്നു. അവസാന ഭാഗത്തായി ചേര്‍ത്ത ചിത്രങ്ങളും മനോഹരം.
ചരിത്രാന്വേഷികള്‍ക്കും ചരിത്ര പ്രേമികള്‍ക്കും മനസില്‍ തങ്ങിനില്‍ക്കുന്നൊരു പേരു തന്നെയാണ് സി പി എഫ് വേങ്ങാടിന്റെ തെന്ന കാര്യത്തില്‍ സംശയമേതുമില്ല. ചരിത്രത്താളുകളിലേക്കിറങ്ങി ചെല്ലാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഷ്‌കരിച്ചനാലാം പതിപ്പിനായി കാത്തിരിക്കാം…
(അരീക്കോട് ഗവ.ഹൈസ്‌കൂള്‍ അധ്യാപികയാണ് ലേഖിക)

Post Your Comments Here ( Click here for malayalam )
Press Esc to close