കോവിഡ് 19: ടൂറിസം മേഖലക്ക് 455 കോടിയുടെ വായ്പാ പദ്ധതി

കോവിഡ് 19: ടൂറിസം മേഖലക്ക് 455 കോടിയുടെ വായ്പാ പദ്ധതി

എംഎം കമ്മത്ത്-
തിരു: കൊവിഡ് മൂലം സംസ്ഥാനത്ത് എല്ലാ മേഖലകളെയും പോലെ ടൂറിസം മേഖലയും പ്രതിസന്ധിയിലാണ്. കൊവിഡ് മൂലം സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ 25000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതു മൂലം പതിനായിരങ്ങളാണ് പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ 455 കോടിയുടെ വായ്പ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 25 ലക്ഷം രൂപ വരെ സംരംഭകര്‍ക്ക് വായ്പയായി ലഭിക്കും. പലിശയില്‍ 50 ശതമാനം സബ്‌സിഡിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലയിലും ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് ആശ്വാസ പാക്കേജിന് അര്‍ഹത ലഭിക്കും.
ടൂറിസം രംഗത്തെ തൊഴിലാളികള്‍ക്ക് കേരളാ ബാങ്ക് വഴി 30000 രൂപ വരെ വായ്പ ലഭിക്കും. 3 ശതമാനം മാത്രം പലിശയേ തൊഴിലാളികളില്‍ നിന്ന് ഈടാക്കൂ. 6 ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും. ആദ്യ ആറ് മാസം ഇതിന് തിരിച്ചടവില്ലെന്നും മന്ത്രി പറഞ്ഞു.
1.5 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും 2019 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന് 45,019 കോടി രൂപയോളം വരുമാനം നേടിക്കൊടുക്കുകയും ചെയ്ത ടൂറിസം മേഖല കോവിഡ് മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.
കോവിഡ് മഹാമാരി മൂലം പ്രവര്‍ത്തന മൂലധനം സ്തംഭിച്ച സംരംഭകര്‍ക്ക് പുനരുജ്ജീവന പാക്കേജായിട്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
വളരെക്കാലമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മേഖലയിലെ പുതിയ സംരംഭകര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പദ്ധതി പ്രയോജനപ്പെടുത്താം. പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മതിയായ രേഖകളും ലൈസന്‍സും കെവൈസി ഫോമും പൂരിപ്പിച്ചാല്‍ (ബാങ്ക് ആവശ്യപ്പെടുന്ന സാമ്പത്തിക രേഖകള്‍) സംരംഭകര്‍ക്ക് ലോണ്‍ ലഭിക്കും.

പൊതുവായ വിവരങ്ങള്‍:
1. റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേ, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി ടൂറിസം രംഗത്തെ എല്ലാ അംഗീകൃത തൊഴിലുടമകള്‍ക്കും അവരുടെ ജീവനക്കാര്‍ക്കും അപേക്ഷിക്കാം.
2. സെപ്റ്റംബര്‍ 30, 2020 വരെയായിരിക്കും സ്‌കീം ലഭിക്കുക.
3. 9% പലിശയില്‍ 6% ടൂറിസം വകുപ്പ് നല്‍കും. 3% മാത്രമാകും വായ്പയെടുക്കുന്നവരുടെ പലിശ തുക.
4. 20000, 25000, 30000 എന്നിങ്ങനെ ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേകം വായ്പാ തുകകളാണ് ഉള്ളത്.
5. എല്ലാ കേരള ബാങ്ക് ശാഖകളിലും അപേക്ഷിക്കാം.
6. ബ്രാഞ്ച് മാനേജര്‍, മാനേജര്‍, സെക്കന്റ് ഓഫീസര്‍ എന്നിവര്‍ക്കായിരിക്കും ലോണ്‍ അനുവദിക്കാനുള്ള അവകാശം.
7. വായ്പക്കാരന് കേരള ബാങ്കില്‍ മുമ്പ് അക്കൗണ്ട് ഇല്ല എങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് തുടങ്ങണം.
8. തൊഴില്‍ ഉടമയ്ക്ക് കേരള ബാങ്കില്‍ കറന്റ് അക്കൗണ്ട് ഇല്ലെങ്കില്‍ അതും ആരംഭിക്കണം.
9. കെവൈസി പൂരിപ്പിക്കേണ്ടതാണ്. (സ്വര്‍ണപ്പണയ വായ്പയുടേതിന് സമാനരീതിയില്‍.)
10. വായ്പ ലഭ്യമാക്കുന്ന പ്രസ്ഥാനം ടൂറിസം വകുപ്പില്‍ ലിസ്റ്റ് ചെയ്ത രേഖകള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close