സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വതി നടി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; ഇന്ദ്രന്‍സ് മികച്ച നടന്‍, പാര്‍വതി നടി

ഗായത്രി
തിരു: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് പാര്‍വതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.
ഒറ്റമുറി വെളിച്ചം മികച്ച ചിത്രമായും ഇ.മ.യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ടി.വി.ചന്ദ്രന്‍, ഡോ.ബിജു, ജെറി അമല്‍ദേവ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന പത്തംഗ സമിതിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു. പോളി വത്സനാണ് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം. ചിത്രം ഇ.മ.യൗ. കിണര്‍ എന്ന ചിത്രത്തിന് കഥയൊരുക്കിയ എം.എ.നിഷാദ് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം നേടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ സജീവ് പാഴൂര്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.
മായാനദി എന്ന ചിത്രത്തിലെ മിഴിയില്‍ നിന്നും മിഴിയിലേക്ക് എന്ന ഗാനം ആലപിച്ച ഷഹബാസ് അമന്‍ മികച്ച ഗായകനായും വിമാനം എന്ന ചിത്രത്തിലെ വാനം അകലുന്നു എന്ന ഗാനം പാടിയ സിതാര കൃഷ്ണകുമാര്‍ മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു. ക്ലിന്റ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ച പ്രഭാവര്‍മയാണ് മികച്ച ഗാനരചയിതാവ്. ഭയാനകം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം ഒരുക്കിയ എം.കെ.അര്‍ജുനന്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടി. മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരം ടോക്ക് ഓഫ് എന്ന ചിത്രത്തിനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിയത്. ഏദന്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
ഇത്തവണ 80 ശതമാനത്തോളം പുരസ്‌കാരങ്ങളും നവാഗതര്‍ സ്വന്തമാക്കി എന്ന പ്രത്യേകതയുമുണ്ട്. 37 അവാര്‍ഡുകളില്‍ 28 എണ്ണവും നവാഗതരാണ് കരസ്ഥമാക്കിയത്. ടി.വി ചന്ദ്രന്‍ അധ്യക്ഷനായ ജൂറിക്ക് മുന്നില്‍ 110 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി വന്നത്. ചുരുക്കപ്പട്ടികയില്‍ എത്തിയ 23 ചിത്രങ്ങള്‍ ജൂറി അംഗങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ടാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close