ഏത്തക്കായ തൊട്ടാലും കൈ പൊള്ളും

ഏത്തക്കായ തൊട്ടാലും കൈ പൊള്ളും

ഗായത്രി
കൊച്ചി: ഓണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഏത്തക്കായക്കും പഴത്തിനും പൊള്ളുന്ന വില. പച്ചക്കറിക്കും തീവിലയാണ്. ഏതാനും ദിവസം മുമ്പ് 4550 രൂപ ഉണ്ടായിരുന്ന ഏത്തക്കായക്ക് വില കുതിച്ചുകയറി 6570 രൂപയില്‍ എത്തി നില്‍ക്കുകയാണ്. ഓണം അടുക്കുന്നതോടെ പൊതു വിപണിയില്‍ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കായവില കൂടിയതോടെ ഓണത്തിനുള്ള ഉപ്പേരി വിപണിയിലും മാറ്റം കണ്ടു തുടങ്ങി.
ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്ടിലെ പ്രധാന മാര്‍ക്കറ്റായ മേട്ടുപ്പാളയത്തു നിന്നുള്ള വരവ് കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം.
പച്ചക്കായയ്ക്ക് വില വര്‍ദ്ധിച്ചതുകൊണ്ടുതന്നെ ഏത്തപ്പഴത്തിന്റെ വിലയും കൂടുകയാണ്. കിലോയ്ക്ക് 70 രൂപ വരെയാണ് ഏത്തപ്പഴത്തിന്റെ വില. ഓരോ ദിവസവും വില കൂടുന്ന പ്രവണതയാണ് വിപണിയിലുള്ളത്.
ഉപഭോക്താക്കള്‍ വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടിലാണെങ്കിലും ഉത്പന്നത്തിന് മെച്ചപ്പെട്ട വില ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് കര്‍ഷകര്‍. ഓണം വിപണി ലക്ഷ്യമിട്ട് നാട്ടില്‍ കൃഷി ചെയ്തിരിക്കുന്ന ഏത്തവാഴയുടെ വിളവെടുപ്പ് നടക്കുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ. ഉപ്പേരിയും ശര്‍ക്കരവരട്ടിയുമെല്ലാം വിപണിയിലെത്തിക്കുന്നവര്‍ ഇവ തയ്യാറാക്കുന്നതിനുള്ള ഏത്തക്കായ വാങ്ങിക്കൂട്ടുന്നത് ഉയര്‍ന്ന വിലക്കാണ്. ഓണത്തിനു മുന്നോടിയായി വിപണിയില്‍ ഡിമാന്റ് വര്‍ദ്ധിച്ചതാണ് വിലക്കയറ്റത്തിനും കാരണം.

 

Post Your Comments Here ( Click here for malayalam )
Press Esc to close