മന്ത്രി ഐസക്കിന്റെ പത്താം ബജറ്റിന് അന്തിമ രൂപമാകുന്നു

മന്ത്രി ഐസക്കിന്റെ പത്താം ബജറ്റിന് അന്തിമ രൂപമാകുന്നു

ഫിദ-
തിരു: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് അന്തിമ രൂപമാകുന്നു. പ്രളയ അതിജീവനത്തിന് ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ബജറ്റില്‍ ഇതിനായി സെസ് കൊണ്ടുവരും. ജനുവരി 31നാണ് ബജറ്റവതരണം. മന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റാകും ഇത്.
ബജറ്റ് പ്രസംഗം ഏറക്കുറെ പൂര്‍ത്തിയാക്കിയെന്നും അവശേഷിക്കുന്നത് വിഭവസമാഹരണം സംബന്ധിച്ച അധ്യായവും ബജറ്റിന്റെ മൊത്ത ധനകാര്യതന്ത്രവുമാണെന്നും മന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. അത്യാവശ്യം മിനുക്കുപണികളും ബാക്കിയുണ്ട്. തിങ്കളാഴ്ച മുതല്‍ നികുതി സംബന്ധിച്ച ചര്‍ച്ചയാരംഭിക്കും. വ്യാഴാഴ്ച വ്യാപാരികളുമായുള്ള ചര്‍ച്ചയോടെ അതിന് അവസാന രൂപമാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്താണ് ഇക്കുറിയും ബജറ്റ് തയാറാക്കാനായി അദ്ദേഹം താമസിക്കുന്നത്. തിരയും കടല്‍ക്കാറ്റും അസ്തമയത്തിന്റെ വിസ്മയദൃശ്യങ്ങളും പ്രചോദകമാണെന്ന് അദ്ദേഹം പറയുന്നു. ദിവസവും രാവിലെ ഒരു മണിക്കൂര്‍ കടല്‍ത്തീരത്തൂടെ നടത്തം. രാത്രി വിഴിഞ്ഞം കടല്‍ നിറയെ വെളിച്ചമാണ്. ആകാശത്തുനിന്ന് അസംഖ്യം നക്ഷത്രങ്ങള്‍ കടലിലേക്ക് കൊഴിഞ്ഞുവീണതുപോലെ ബോട്ടുകളുടെ വെളിച്ചമാണ്. ഇരുട്ടിത്തുടങ്ങുമ്പോള്‍ ബോട്ടുകള്‍ മാലപോലെ കടലില്‍ വിന്യസിക്കപ്പെടും അദ്ദേഹം പറഞ്ഞു.
കേരളവികസനം സംബന്ധിച്ച സംവാദം ശക്തിപ്പെടുത്തുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും ഉതകണമെന്ന കാഴ്ചപ്പാടോടെയാണ് ബജറ്റും തയാറാക്കുന്നത്. വരവുചെലവു കണക്കിന്റെയും വകുപ്പുകള്‍ക്ക് നീക്കിവെക്കുന്ന വിഹിതത്തിന്റെയും കേവല പ്രസ്താവന എന്ന നിലക്കല്ല ബജറ്റ് അവതരണത്തെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close