കേരളാ ബാങ്ക്; ആശങ്കകള്‍ ശക്തമാവുന്നു

കേരളാ ബാങ്ക്; ആശങ്കകള്‍ ശക്തമാവുന്നു

ഗായത്രി-
കൊച്ചി: കേരള ബാങ്കുമായി മുന്നോട്ടു പോകാന്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം ലഭിക്കുകയും ജില്ല ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തിട്ടും ആശങ്കകള്‍ ഒഴിയുന്നില്ല. കിട്ടാക്കടം ഉള്‍പ്പെടെ മുന്നോട്ടുള്ള പ്രയാണത്തിലെ കടമ്പകളെക്കുറിച്ച് സഹകരണ രംഗത്തുള്ളവര്‍ ആശങ്ക പങ്കുവെക്കുകയാണ്.
സംസ്ഥാന ബാങ്കുമായി ലയനത്തിന് എല്ലാ ജില്ല ബാങ്ക് ബോര്‍ഡുകളുടെയും അനുമതി വേണം. യു.ഡി.എഫിന് മേല്‍ക്കൈയുള്ള അഞ്ച് ബാങ്കില്‍ രാഷ്ട്രീയ നിലപാട് പ്രതികൂലമാവും. അതിനെ ഓര്‍ഡിനന്‍സോ മറ്റോ കൊണ്ടുവന്ന് മറികടന്നാലും അടിസ്ഥാന പ്രശ്‌നങ്ങള്‍ അവശേഷിക്കും.
നിലവില്‍ 354 കോടി രൂപ നഷ്ടത്തിലുള്ള സംസ്ഥാന ബാങ്കിലേക്കാണ് ജില്ല ബാങ്കുകളെ ലയിപ്പിക്കുന്നത്. സംസ്ഥാന ബാങ്ക് കൊടുത്ത വായ്പയില്‍ 34 ശതമാനം കിട്ടാക്കടമാണ്. കോഴിക്കോട്, തൃശൂര്‍ ജില്ല ബാങ്കുകളൊഴികെ 12 ബാങ്കിലും കിട്ടാക്കടം 12 ശതമാനത്തില്‍ കൂടുതലാണ്. അത് അഞ്ച് ശതമാനത്തില്‍ താഴെ കൊണ്ടുവരണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. അടുത്ത മാര്‍ച്ച് 31നകം കിട്ടാക്കടം പിരിച്ചെടുക്കണം. അതിനുള്ള സാധ്യത വിരളമാണെന്ന് സഹകരണ രംഗത്തുള്ളവര്‍ പറയുന്നു. വായ്പ എഴുതിതള്ളുകയോ ഗ്യാരണ്ടി നിന്ന സര്‍ക്കാര്‍ പണം അടക്കുകയോ ചെയ്യേണ്ടി വരും. ഫലത്തില്‍ കിട്ടാക്കടം തിരിച്ചു പിടിക്കല്‍ ഫലപ്രദമാവില്ല. ആര്‍.ബി.ഐ നിഷ്‌കര്‍ഷിക്കുന്ന മൂലധന പര്യാപ്തതയുടെ കാര്യത്തിലും സംസ്ഥാന സഹകരണ ബാങ്ക് പിന്നിലാണ്.
ഒമ്പത് ജില്ല ബാങ്കുകള്‍ക്ക് എ.ടി.എം സേവനമുണ്ട്. ഇതില്‍ തൃശൂര്‍ ഉള്‍പ്പെടെ ചില ബാങ്കുകള്‍ക്ക് ഐ.എഫ്.എസ് കോഡുമുണ്ട്. സംസ്ഥാന ബാങ്കില്‍ ലയിക്കുമ്പോള്‍ ജില്ല ബാങ്കുകള്‍ ലൈസന്‍സ് റിസര്‍വ് ബാങ്കിന് സറണ്ടര്‍ ചെയ്യണം. സ്വാഭാവികമായും എ.ടി.എം ഉള്‍പ്പെടെയുള്ള സേവനം അതോടെ തടസ്സപ്പെടും. വീണ്ടും അനുമതി ആവശ്യമാണ്. സംസ്ഥാന ബാങ്കിനാണെങ്കില്‍ എ.ടി.എം ഇല്ല. ജില്ല ബാങ്കുകള്‍ക്ക് ഐ.എഫ്.എസ് കോഡ് ലഭിച്ചത് വ്യവസ്ഥകള്‍ പാലിച്ച് രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്. അതും നഷ്ടമാവും. 2019ല്‍ കേരള ബാങ്ക് രൂപവത്കരിച്ചാല്‍ 2022ഓടെ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്നാണ് സംസ്ഥാനം ഉറപ്പ് നല്‍കിയിരിക്കുന്നത്. അതായത്, നിലവില്‍ ജില്ല ബാങ്കുകള്‍ നല്‍കുന്നതും ലയനത്തോടെ നഷ്ടപ്പെടുന്നതുമായ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ 2022 വരെ കാത്തിരിക്കേണ്ടി വരും.
ജില്ലാ ബാങ്കുകള്‍ക്ക് 984 ശാഖയുണ്ട്. കേരള ബാങ്കിന് ഒരു ജില്ലയില്‍ ശരാശരി 10 ശാഖ മതിയെന്നാണ് ധാരണ. നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കില്ലെങ്കിലും പുനര്‍വിന്യാസം വേണ്ടി വരും. പുതിയ നിയമനവും ഉണ്ടാവില്ല. ഇത്തരം വിഷയങ്ങളില്‍ ഇതുവരെ വ്യക്തതയില്ലെന്ന ആക്ഷേപം ശക്തമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close