‘കേദാര്‍നാഥി’ന്റെ പ്രദര്‍ശനം വിലക്കാനാവില്ല: കോടതി

‘കേദാര്‍നാഥി’ന്റെ പ്രദര്‍ശനം വിലക്കാനാവില്ല: കോടതി

രാംനാഥ് ചാവ്‌ല-
അഹമ്മദാബാദ് : സുഷാന്ത് സിംഗ് രാജ്പുതും സാറ ആലിഖാനും ഒന്നിച്ച ‘ കേദാര്‍നാഥി’ന്റെ പ്രദര്‍ശനം വിലക്കണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എ എസ് ദാവേയും ജസ്റ്റിസ് ബൈറന്‍ വൈഷ്ണവും അടങ്ങുന്ന ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കേണ്ട ആവശ്യമില്ലെന്നും ഹര്‍ജിക്കാര്‍ക്ക് യഥാര്‍ത്ഥ ഹിന്ദുയിസം എന്താണെന്ന് ഇതുവരെയും മനസിലായിട്ടില്ലെന്നും കോടതി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന യാതൊന്നും കോടതിക്ക് കണ്ടെത്താനായില്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.
കോടതിയുടെ സമയം അനാവശ്യമായി നഷ്ടപ്പെടുത്തിയതിന് ഹര്‍ജി സമര്‍പ്പിച്ച അന്താരാഷ്ട്ര ഹിന്ദുസേനയ്ക്ക് 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തുക ഒരാഴ്ചയ്ക്കുള്ളില്‍ ഒടുക്കാനാണ് നിര്‍ദ്ദേശം. മറ്റ് മതങ്ങളോടുള്ള സഹിഷ്ണുതയും ക്ഷമയും മനുഷ്യപുരോഗതിയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്നും മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പൊതുപ്രദര്‍ശനം നടത്താന്‍ കഴിയാത്തതാണെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി. കേദാര്‍നാഥ് ഹിന്ദുക്കളുടെ പുണ്യസ്ഥലമായതിനാല്‍ ഇത്തരം പ്രമേയമുള്ള സിനിമ അനുവദിക്കരുതെന്നും ഹര്‍ജിക്കാര്‍ വാദമുയര്‍ത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close