ചിറകിലേറി വ്യാവസായിക സ്വപ്‌നം

ചിറകിലേറി വ്യാവസായിക സ്വപ്‌നം

ഫിദ-
കണ്ണൂര്‍: സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കുമ്പോള്‍ ഒരു നാടിന്റെ വ്യവസായ സ്വപ്‌നവും കൂടിയാണ് പൂവണിയുന്നത്. കണ്ണൂരിന്റെ കൈത്തറിയും തെയ്യത്തിന്റെ പെരുമയും ഇനി വളരെ പെട്ടെന്ന് അങ്ങ് ഏഴാം കടലിനക്കരെ ചെന്നെത്തും. അതൊടെ കണ്ണൂരിന്റെ തനതായ വ്യാവസായിക സ്വപ്‌നങ്ങളാണ് യാഥാര്‍ത്ഥ്യമാവുക.
ആഭ്യന്തര, അന്തര്‍ദേശീയ സര്‍വിസുകളുടെ സമൃദ്ധിയോടെയാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനംചെയ്യുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഗള്‍ഫ് സര്‍വിസുകളാണ് തുടക്കംമുതല്‍ ആരംഭിക്കുന്നത്. അബൂദബി, ദോഹ, ദുബൈ, ഷാര്‍ജ, മസ്‌കത്ത്, റിയാദ് എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അനുമതി ലഭിച്ചത്. വിമാനത്താവളങ്ങളിലെ സ്ലോട്ട് അനുമതിയും വിമാനത്തിന്റെ കുറവും കാരണം ദുബൈ, മസ്‌കത്ത് സര്‍വിസുകള്‍ ഉടനെ ഉണ്ടാവില്ല. കണ്ണൂര്‍ഷാര്‍ജ റൂട്ടില്‍ ശനി, തിങ്കള്‍, ബുധന്‍, വെള്ളി, കണ്ണൂര്‍അബൂദബി റൂട്ടില്‍ ഞായര്‍, ചൊവ്വ, വ്യാഴം, കണ്ണൂര്‍ദോഹ റൂട്ടില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, ശനി, കണ്ണൂര്‍റിയാദ് റൂട്ടില്‍ ഞായര്‍, വ്യാഴം, വെള്ളി, റിയാദ്കണ്ണൂര്‍ റൂട്ടില്‍ വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലാണ് സര്‍വിസ്.
ഗോ എയര്‍ ആഭ്യന്തര സര്‍വിസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനദിവസം ഗോ എയര്‍ യാത്രാ വിമാനം ഡല്‍ഹിയില്‍നിന്ന് രാവിലെ എട്ടരക്ക് പുറപ്പെട്ട് 11.30ന് കണ്ണൂരിലിറങ്ങും. കണ്ണൂരില്‍ ആദ്യമിറങ്ങുന്ന പാസഞ്ചര്‍ വിമാനം ഇതാകും. ബംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഉദ്ഘാടനദിവസം ഗോ എയര്‍ സര്‍വിസ് നടത്തും. ഡല്‍ഹി, തിരുവനന്തപുരം സര്‍വിസുകള്‍ ഉദ്ഘാടനദിവസം മാത്രമാണ്. ചൊവ്വ ഒഴികെ ആഴ്ചയില്‍ ആറുദിവസം ബംഗളൂരുവിലേക്കും തിരിച്ചും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ ഹൈദരാബാദിലേക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ചെന്നൈയിലേക്കുമാണ് ഗോ എയര്‍ സര്‍വിസ്.

Post Your Comments Here ( Click here for malayalam )
Press Esc to close