കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിദേശ വിമാനക്കമ്പനികളുടെ സര്‍വീസ് വൈകുന്നു

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിദേശ വിമാനക്കമ്പനികളുടെ സര്‍വീസ് വൈകുന്നു

ഫിദ-
കൊച്ചി: വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താനുള്ള കേന്ദ്രാനുമതി വൈകുന്നത് കണ്ണൂര്‍ വിമാനത്താവളത്തിന് വെല്ലുവിളിയാകുന്നു. ഗള്‍ഫ് മേഖലയില്‍നിന്നുള്ള മിക്ക വിമാനക്കമ്പനികളും കണ്ണൂരിലേക്ക് സര്‍വീസ് തുടങ്ങാന്‍ താത്പര്യമറിയിച്ചിട്ടുണ്ട്. ഒപ്പം മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങാനും കമ്പനികള്‍ സന്നദ്ധത അറിയിച്ചതാണ്.
കണ്ണൂര്‍ വിമാനത്താവളത്തിന് ലാഭത്തിലേക്ക് നീങ്ങണമെങ്കില്‍ വിദേശവിമാനക്കമ്പനികള്‍ സര്‍വീസ് തുടങ്ങേണ്ടത് അത്യാവശ്യമാണ്. ജനുവരിയില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍ തുടങ്ങി പ്രമുഖ കമ്പനികള്‍ സര്‍വീസിന് താല്‍പ്പര്യമറിയിച്ചിരുന്നു. മലിന്‍ഡോ, സില്‍ക്ക് എയര്‍ കമ്പനികള്‍ സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്കും സര്‍വീസിന് തയ്യാറാണ്.
എന്നാല്‍, മാര്‍ച്ചില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച വിദേശ വിമാനക്കമ്പനികള്‍ക്കുള്ള കേന്ദ്രാനുമതി നീളുകയാണ്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയിട്ട് മാസങ്ങള്‍ മാത്രമെ ആയുള്ളൂവെന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. എന്നാല്‍, കണ്ണൂരിലെ സംവിധാനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചതായി കിയാല്‍ അധികൃതര്‍ പറയുന്നു.
പ്രതിവര്‍ഷം 200 കോടിയോളം രൂപയാണ് കണ്ണൂര്‍ വിമാനത്തിന്റെ പ്രവര്‍ത്തനച്ചെലവ്. എയ്‌റോ വിഭാഗത്തില്‍പ്പെടുന്ന യാത്രാവരുമാനവും വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകളും മറ്റും മാത്രമാണ് ഇപ്പോള്‍ വിമാനത്താവളത്തിനുള്ള വരുമാനം. നിലവിലെ സര്‍വീസുകളില്‍ പകുതിയോളം ഉഡാന്‍ പദ്ധതി പ്രകാരമായതിനാല്‍ വരുമാനത്തില്‍ കുറവുമുണ്ട്. നോണ്‍ എയ്‌റോ വിഭാഗത്തില്‍പ്പെടുന്ന വരുമാന മാര്‍ഗങ്ങളായ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഹോട്ടലുകളും വ്യാപാരസമുച്ചയങ്ങളും വിമാനത്താവളത്തില്‍ സജ്ജീകരിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ കേന്ദ്ര ഏജന്‍സികളുടെ സേവനങ്ങള്‍ക്കും കിയാല്‍ പണം നല്‍കണം.

Post Your Comments Here ( Click here for malayalam )
Press Esc to close