സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഗോഡ്‌സെ: കമല്‍ ഹാസന്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഗോഡ്‌സെ: കമല്‍ ഹാസന്‍

അളക ഖാനം-
ചെന്നൈ: ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുവാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരനെന്ന് നടനും മക്കള്‍ നീതിമയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. അറുവാകുറിച്ചി മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാനല്ല താന്‍ ഈ പരാമര്‍ശം നടത്തിയത്. ഗാന്ധിയുടെ പ്രതിമക്കു മുന്നില്‍ നിന്നാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതൊരു നല്ല ഇന്ത്യക്കാരനും ത്രിവര്‍ണത്തിലെ മൂന്നുനിറങ്ങള്‍ പോലെ സമത്വത്തില്‍ ഇന്ത്യ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. താനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്‍ അഭിമാനിക്കുന്നു.വെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍പും ‘ഹിന്ദു തീവ്രവാദം’ എന്ന വിവാദ പരാമര്‍ശം നടത്തിയ കമല്‍ ഹാസന്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് അറുവാകുറിച്ചി. ഈ മാസം 19നാണ് ഇവിടെ പോളിംഗ്.
അതേസമയം, കമലിന്റെ പ്രസ്താവനയെ അപലപിച്ച് ബി.ജെ.പി രംഗത്തെത്തി. ഗാന്ധിവധം വീണ്ടും ചര്‍ച്ചയാക്കി അതിനു പിന്നില്‍ ഹിന്ദു ഭീകരതയാണെന്ന് പറയുന്ന കമല്‍ ഹാസന്റെ നിലപാട് അപലപനീയമാണ്. ന്യുനപക്ഷങ്ങളെ പ്രീണിപ്പിച്ച് വോട്ടുനേടാന്‍ നടത്തുന്ന ഈ നീക്കം തീക്കളിയാണ്. ശ്രീലങ്കയില്‍ അടുത്തകാലത്ത് നടന്ന ബോംബാക്രമണത്തെ കുറിച്ച് കമല്‍ ഒന്നും പറയുന്നില്ലെന്നും ബി.ജെ.പി തമിഴ്‌നാട് ഘടകം പ്രസിഡന്റ് തമിലിസൈ സുന്ദരാജന്‍ ട്വീറ്റ് ചെയ്തു.
അദ്ദേഹത്തിന്റെ സിനിമകള്‍ക്കു നേരെ മതസംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യം വരെ വിടുമെന്ന ഭീഷണി ഉയര്‍ത്തി. ആ വ്യക്തിയാണ് താനിപ്പോള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരാണെന്നു അവകാശപ്പെടുന്നത്. സിനിമയില്‍ അവസരം നഷ്ടപ്പെട്ടതോടെ യഥാര്‍ത്ഥ രാഷ്ട്രീയ അഭിനയം ആരംഭിച്ചിരിക്കുകയാണെന്നും അവര്‍ പരിഹസിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES