ജിയോയെ മറികടക്കാന്‍ ഫോണ്‍ കമ്പനികളുടെ മത്സരം

ജിയോയെ മറികടക്കാന്‍ ഫോണ്‍ കമ്പനികളുടെ മത്സരം

ജിയോ തുടങ്ങിവെച്ച ഓഫര്‍ പെരുമഴയെ നേരിടാന്‍ മുന്‍നിര കമ്പനികള്‍ രംഗത്ത്. വന്‍ ഓഫറുകളുമായാണ് ഇത്തരം കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇനിയും ഓഫറുകള്‍ പ്രഖ്യാപിച്ച് വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുകയാണ് എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ തുടങ്ങിയ കമ്പനികള്‍. രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള ടെലികോം കമ്പനിയായ എയര്‍ടെല്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിക്കാനുള്ള ആലോചനയിലാണ്. ഇതിന്റെ തുടക്കമെന്നോണം റോമിംഗ്് ചാര്‍ജ് ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ഇതിനു പുറമെ നിലവിലെ പാക്കേജുകളില്‍ കൂടുതല്‍ ഡേറ്റയും സംസാര സമയം നല്‍കാനും എയര്‍ടെല്ലിനു പദ്ധതിയുണ്ട്. റോമിംഗ് ചാര്‍ജ് ഒഴിവാക്കുന്നതോടെ നിരവധി വരിക്കാര്‍ക്ക് ഉപകാരപ്പെടും. ഇന്‍കമിംഗ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും അധികചാര്‍ജ് നല്‍കേണ്ടി വരില്ല. ചില കമ്പനികള്‍ നേരത്തെ തന്നെ റോമിംഗ് നിരക്കുകള്‍ നീക്കിയിരുന്നു. 26.8 കോടി വരിക്കാരുള്ള എയര്‍ടെല്ലിനെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചേ മതിയാകൂ. വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് എയര്‍ടെല്‍ 145/349 രൂപയുടെ അണ്‍ലിമിറ്റഡ് കോള്‍ പാക്കുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ ജിയോയുടെ 303 പാക്കേജിനൊപ്പം ഈ ഓഫര്‍ എത്തില്ലെങ്കിലും നിലവിലെ എയര്‍ടെല്‍ വരിക്കാര്‍ക്ക് 70 മുതല്‍ 80 ശതമാനം വരെ ആനുകൂല്യം ലഭിക്കുന്നതാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന്റെ വരുമാനത്തില്‍ 55 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close