ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പദ്ധതികള്‍ വരുന്നു

ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പദ്ധതികള്‍ വരുന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ പാവപ്പെട്ടവരിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ജന്‍ധന്‍ അക്കൗണ്ട് ഉള്ളയാളുകള്‍ക്ക് ഇനി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പിഎം ജീവന്‍ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കുകൂടി ലഭ്യമാക്കും. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാവുന്ന പദ്ധതിയാണ് പിഎം ജീവന്‍ ജ്യോതി യോജന. വര്‍ഷത്തില്‍ 330 രൂപ പ്രീമിയം അടച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക.
അക്കൗണ്ട് ഉടമ മരിച്ചാല്‍ രണ്ടുലക്ഷം രൂപ ആശ്രിതര്‍ക്ക് ലഭിക്കും. പിഎം സുരക്ഷാ ഭീമാ യോജന പ്രകാരം 12രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. അക്കൗണ്ട് ഉടമ അപകടത്തില്‍മരിച്ചാല്‍ രണ്ടുലക്ഷം രൂപയും അപകടത്തില്‍ ഭാഗികമായി വൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയുമാണ് പദ്ധതിപ്രകാരം ലഭിക്കുക. 18 വയസ്സിനും 70വയസ്സിനും ഇടയിലുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. കുറഞ്ഞ തുകയുടെ നിക്ഷേപവും വായ്പയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഉടനെ ആരംഭിക്കും. ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യങ്ങളും അക്കൗണ്ട ഉടമകള്‍ക്ക് വൈകാതെ ലഭ്യമാകും. ഓഗസ്റ്റ് 19ലെ കണക്കുപ്രകാരം 40.35 കോടിയിലേറെപ്പേര്‍ക്കാണ് ജന്‍ധന്‍ അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലാകട്ടെ 1.31 ലക്ഷം കോടി രൂപ നിക്ഷേപവുമുണ്ട്. ഗ്രാമീണ മേഖലകലകളിലുള്ളവരാണ് അക്കൗണ്ട് ഉടമകളില്‍ മൂന്നില്‍ രണ്ടുപേരും. 55 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. അക്കൗണ്ടിലെ ഒരാളുടെ ശരാശരി നിക്ഷേപം 3,239 രൂപയാണ്. 2015ല്‍ പദ്ധതി തുടങ്ങിയ സമയത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുകയില്‍ രണ്ടര ഇരട്ടി വര്‍ധനയണ് ഉണ്ടായിട്ടുള്ളത്. എല്ലാകുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയാണ് ജന്‍ധന്‍ അക്കൗണ്ട് പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close