‘ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍’ ചിത്രീകരണം ആരംഭിച്ചു

‘ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍’ ചിത്രീകരണം ആരംഭിച്ചു

എംഎം കമ്മത്ത്-
ചേര്‍ത്തല: അവയവ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍’ എന്ന സന്ദേശ ചിത്രത്തിന്റെ ചിത്രീകരണത്തിന് ചേര്‍ത്തലയില്‍ തുടക്കമായി.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് കെ. മാത്യുവിന്റെ സന്ദേശ ചലച്ചിത്ര നിര്‍മാണ കമ്പനിയായ വേള്‍ഡ് മദര്‍ വിഷന്റേയും കംഗാരു വിഷന്റേയും ബാനറിലാണ് ‘ജല സ്പര്‍ശം കൊതിക്കുന്ന വേരുകള്‍’ എന്ന സന്ദേശ ചിത്രം നിര്‍മ്മിക്കുന്നത്. ചേര്‍ത്തലയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ പൂജ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ നിര്‍വഹിച്ചു. അരൂര്‍ എം.എല്‍.എ അഡ്വ എ.എം ആരിഫ് സ്വിച്ച് ഓണ്‍ ചെയ്ത് ചിത്രീകരണത്തിന് തുടക്കമിട്ടു. ചേര്‍ത്തലയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്നത് ജോയ് കെ. മാത്യുവാണ്. വേള്‍ഡ് മദര്‍ വിഷന്റെ 21ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. മാറ്റിവെക്കാന്‍ അവയവം ലഭിക്കാത്തതിനാല്‍ ലോകത്ത് ഒരു മിനിറ്റില്‍ 18 പേര്‍ വീതമാണ് ദാരുണമായി മരണമടയുന്നത്. ഇവരെ സഹായിക്കാനുള്ള ധാര്‍മികവും മനുഷ്വത്വപരവുമായ ഉത്തരവാദിത്തത്തെക്കുറിച്ച് സമൂഹത്തെ ഓര്‍മപ്പെടുത്തുന്നതാണ് ‘ജലസ്പര്‍ശം കൊതിക്കുന്ന വേരുകള്‍’ എന്ന സന്ദേശ ചിത്രം.
ജോണ്‍ മാത്യു കണിയാപറമ്പിലാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ജോയ് കെ. മാത്യുവിനെ കൂടാതെ ചലച്ചിത്ര താരങ്ങളായ സ്വപ്‌ന, അംബിക മോഹന്‍, കുളപ്പുള്ളി ലീല, മോഹിത, ജയശ്രീ, ഷിബു തിലകന്‍, ആദിത്യന്‍ സുരേഷ്, ജിനോ വി. ജോര്‍ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോസ് വരാപ്പുഴ(പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ടിനു(എഡിറ്റിങ്), അസിസ് ബാവ(സംഗീതം), ശ്രീജിത്ത്(ഛായാഗ്രഹണം), സജി കളമശ്ശേരി(ചമയം), ഹാരിസ് പാണാവള്ളി(പ്രൊഡക്ഷന്‍ മാനേജര്‍), ആഗ്‌നസ്(കല), തെരേസ(വസ്ത്രാലങ്കാരം), സെബി ജോര്‍ജ് (ഫിനാന്‍സ് മാനേജര്‍) എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
മൂന്ന് മിനിറ്റു മുതല്‍ രണ്ടര മണിക്കൂര്‍ വരെയുള്ള ഒന്‍പതോളം സന്ദേശ ചിത്രങ്ങളും മൂന്ന് ഡോക്യുമെന്ററികളും തിരക്കഥയെഴുതി നിര്‍മിച്ച ചേര്‍ത്തല സ്വദേശിയായ ജോയ് കെ. മാത്യു ആസ്‌ട്രേലിയന്‍
ചലച്ചിത്ര, ഡോക്യുമെന്ററി രംഗത്തെ സജീവസാന്നിധ്യമാണ്. ആദ്യമായി ആസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ചലച്ചിത്രം നിര്‍മിക്കാന്‍ അവസരം ലഭിച്ച ആദ്യ ഇന്ത്യന്‍ സംവിധായകന്‍ കൂടിയാണ് ജോയ് കെ. മാത്യു. ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മിച്ച ‘ദി ഡിപ്പന്‍ഡന്‍സ്’ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയയില്‍ പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ഇന്ത്യ, ആസ്‌ട്രേലിയ, അമേരിക്ക, ഫിലിപ്പേന്‍സ്, ബെല്‍ജിയം, ചൈന, മാള്‍ട്ട, പാകിസ്ഥാന്‍, വിയറ്റ്‌നാം, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ധരേയും അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തിയായിരുന്നു ചിത്രം നിര്‍മിച്ചതെന്ന പ്രത്യേകതയും ‘ദി ഡിപ്പന്‍ഡന്‍സി’നുണ്ട്.
ജോയ് കെ. മാത്യുവിന്റെ ചിത്രങ്ങള്‍ക്ക് ഇതിനകം നിരവധി നിരൂപക പുരസ്‌കാരങ്ങളും അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മദര്‍ തെരേസയുടെ അനുഗ്രഹം നേരിട്ട് വാങ്ങാനും മദറിനൊപ്പം കഴിഞ്ഞ അനുഭവങ്ങളും കോര്‍ത്തിണക്കി ജോയ് കെ. മാത്യു രചിച്ച ‘ദ എയ്ഞ്ചല്‍ ഓഫ് ടെണ്ടര്‍നെസ്സ്’ എന്ന ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിലായി റിലീസ് ചെയ്തിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close