ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിച്ചിട്ടില്ല

ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിച്ചിട്ടില്ല

ഗായത്രി-
കൊച്ചി: ഡബ്ല്യു.സി.സിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരസംഘടനയായ ‘അമ്മ’. ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യത്തില്‍ അമ്മ ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താവ് ജഗദീഷ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ദിലീപിനെ തിരിച്ചെടുക്കാനുളള എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനം മോഹന്‍ലാലിന്റെ മാത്രം തലയില്‍ കെട്ടിവെക്കരുതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
കേസുകളില്‍ കുറ്റവാളി എന്ന് കോടതി വിധിക്കുന്നതു വരെ കുറ്റാരോപിതന്‍ നിരപരാധിയാണ് എന്ന് നിയമം പറയുന്നു. നിയമത്തിന്റെ വഴിയാണ് തങ്ങള്‍ സ്വീകരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ സ്വീകരിച്ചിട്ടുള്ളത്. നടിമാരുന്നയിച്ച വിഷയങ്ങള്‍ പരിഗണനക്കെടുക്കുന്നതിനിടക്കാണ് പ്രളയം വന്നത്. അതുകൊണ്ടാണ് തീരുമാനങ്ങള്‍ വൈകിയതെന്നും ജഗദീഷ് വ്യകത്മാക്കി.
ദിലീപിനെ പുറത്താക്കണമെന്ന എക്‌സിക്യൂട്ടീവ് കമിറ്റി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറല്‍ ബോഡി എടുത്തത്. കോടതി വിധി വരുന്നതിനു മുമ്പ് പുറത്താക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി അമ്മ ചര്‍ച്ച നടത്തി. ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രേവതിയും പാര്‍വതിയും പത്മപ്രിയയും തമ്മില്‍ ധാരണയായി. അതനുസരിച്ച് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ജനറല്‍ ബോഡി റദ്ദാക്കിയ നടപടി നിയമോപദേശത്തിന് വിടാനും തീരുമാനിച്ചു.
അമ്മക്ക് ലഭിച്ച നിയമോപദേശം ഒരു ജനറല്‍ ബോഡി വിളിച്ചു കൂട്ടി തീരുമാനം എടുക്കണം എന്നതായിരുന്നു. എന്നാല്‍ രേവതിക്കും പാര്‍വതിക്കും പത്മപ്രിയക്കും ലഭിച്ച ഉപദേശം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു തന്നെ തീരുമാനമെടുക്കാം എന്നതായിരുന്നു. തിലകന്റെ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തിലകന്റെ കാര്യത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറല്‍ ബോഡി ശരി വെക്കുകയായിരുന്നു. ദിലീപിന്റെ വിഷയത്തില്‍ ജനറല്‍ ബോഡി എടുത്ത തീരുമാനമായതു കൊണ്ട് അത് റദ്ദാക്കാനുള്ള അവകാശവും ജനറല്‍ ബോഡിക്ക് മാത്രമാണുള്ളത് എന്ന വാദമാണ് അമ്മയുടെ അഭിഭാഷകന്‍ മുന്നോട്ടു വച്ചത്. അതിനാല്‍ ഉടന്‍ തന്നെ പ്രത്യേക ജനറല്‍ ബോഡി യോഗം വിളിച്ചു കൂട്ടി ഈ വിഷയത്തില്‍ ധാര്‍മ്മികതയിലൂന്നിയുള്ള ഉചിത തീരുമാനങ്ങള്‍ കൈക്കൊള്ളും. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടുന്നത് സ്വാഗതം ചെയ്യുന്നു. ഇതിന് അമ്മയുടെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും സര്‍ക്കാറിന് നല്‍കുമെന്നും ജഗദീഷ് വ്യക്തമാക്കി.

 

Post Your Comments Here ( Click here for malayalam )
Press Esc to close