ജാക്ക് മാ ആലിബാബയില്‍ നിന്ന് പടിയിറങ്ങുന്നു

ജാക്ക് മാ ആലിബാബയില്‍ നിന്ന് പടിയിറങ്ങുന്നു

അളക ഖാനം-
ബെയ്ജിംഗ്: ചൈനീസ് ഇന്റര്‍നെറ്റ് റീട്ടെയ്ല്‍ ഭീമന്‍ ആലിബാബയുടെ അമരത്തുനിന്നു സ്ഥാപകന്‍ ജാക്ക് മാ ഇന്നു വിരമിക്കും. 55ാം ജന്‍മദിനത്തിലാണു മായുടെ മടക്കം. 54ാം പിറന്നാള്‍ ആഘോഷവേളയിലാണു മാ തന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. പടിയിറങ്ങുമെങ്കിലും 2020ലെ ഓഹരിയുടമകളുടെ യോഗം വരെ മാ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തുടരും. ഡാനിയേല്‍ ഷാംഗാണു മായുടെ പിന്‍ഗാമി.
3,900 കോടി ഡോളറിന്റെ ആസ്തി, ചൈനയിലെ സമ്പന്നരില്‍ ഒന്നാമന്‍, ലോകസമ്പന്നരില്‍ ഇരുപതാമന്‍ എന്നിങ്ങനെയുള്ള നേട്ടങ്ങളില്‍ നില്‍ക്കുമ്പോഴാണു മാ കമ്പനിയില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കമ്പനിയുടെ ഔദ്യോഗിക പദവികളില്‍നിന്നൊഴിഞ്ഞു വിദ്യാഭ്യാസരംഗത്തെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനാണു താന്‍ ആഗ്രഹിക്കുന്നതെന്നു മാ പറഞ്ഞിട്ടുണ്ട്.
ഒരു ഇംഗ്ലീഷ് അധ്യാപകനായി തന്റ ഔദ്യോഗിക ജീവിതം ആരംഭിച്ച മാ പിന്നീട് ലോകമറിയുന്ന കോര്‍പറേറ്റ് വ്യവസായിയായി പതിയെ മാറുകയായിരുന്നു. 1999ല്‍ മായുടെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ആലിബാബ എന്ന സ്ഥാപനത്തിന്റെ തുടക്കം. പിന്നീട് റീട്ടെയ്ല്‍, ഇന്റര്‍നെറ്റ്, ടെക്, ക്ലൗഡ് കന്പ്യൂട്ടിംഗ് എന്നുതുടങ്ങി വിവിധ മേഖലകളിലേക്കു കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിച്ചു.
2013ല്‍ മാ ആലിബാബയുടെ സിഇഒ പദവി ഒഴിഞ്ഞ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവിയിലേക്കു മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ആ പദവികൂടി ഒഴിഞ്ഞെങ്കിലും ഡറയക്ടര്‍ ബോര്‍ഡ് അംഗമായും കമ്പനി ഉപദേശകനായും തുടരും. ആലിബാബ എന്ന സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് സ്‌കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍ തനിക്ക് വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നു മാ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് വിദ്യാഭ്യാസമേഖലയില്‍ ശ്രദ്ധയൂന്നാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES