സംവിധായകന്‍ ഐവി ശശി അന്തരിച്ചു

സംവിധായകന്‍ ഐവി ശശി അന്തരിച്ചു

അളക ഖാനം
ചെന്നൈ: മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകന്‍ ഐ.വി ശശി(67)അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തിലുള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1975ല്‍ ഉമ്മര്‍ നായകനായ ഉത്സവമാണ് ആദ്യ ചിത്രം. തുടര്‍ന്ന് അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ, കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2009ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്‍ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തില്‍ എന്ന സിനിമയുടെ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രാഹ സഹായിയായി. ഇരുപത്തിയേഴാം വയസ്സില്‍ തന്നെ സംവിധായകനായെങ്കിലും 1975ല്‍ പുറത്തിറങ്ങിയ ഉത്സവം എന്ന സിനിമയാണ് അദ്ദേഹത്തെ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനാക്കിയത്. എഴുപതുകളുടെ അവസാനം ഐ.വി.ശശിഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. 1977ല്‍ മാത്രം ഐ.വി.ശശി പന്ത്രണ്ട് സിനിമകള്‍ പുറത്തിറക്കി ഇതില്‍ എട്ടെണ്ണവും ഹിറ്റുകളായി.
ആലപ്പി ഷെരീഫിന് പുറമെ പത്മരാജന്‍, എം.ടി.വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍ എന്നിവരുടെ തിക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ സംവിധാനം ചെയ്തു.
1982ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി. ആറു തവണ ഫിലിംഫെയര്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ചലച്ചിത്രതാരം സീമയാണ് ഭാര്യ. അനുശശി, അനി ശശി. സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close