അന്തര്‍ സംസ്ഥാന ബസുകളുടെ നികുതി കുടിശിക 15 കോടി

അന്തര്‍ സംസ്ഥാന ബസുകളുടെ നികുതി കുടിശിക 15 കോടി

ഫിദ-
കൊച്ചി: അന്തര്‍ സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാരില്‍നിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപ. അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായിട്ടും കുടിശ്ശിക പിരിച്ചെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് കഴിഞ്ഞിട്ടില്ല. 2014 ഏപ്രില്‍ മുതല്‍ 2016 ജൂലൈ വരെയുള്ളതാണ് നികുതി കുടിശ്ശിക. ഇക്കാലയളവില്‍ കര്‍ണാടകത്തില്‍നിന്നു വന്ന കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ക്ക് ഒരു സീറ്റിന് െ്രെതമാസനികുതി 1540ല്‍നിന്ന് 4000 രൂപയായി ഉയര്‍ത്തി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച സുരേഷ് കല്ലട സ്‌റ്റേ സമ്പാദിച്ചു. 2016 ജൂലായില്‍ അന്തിമവിധി വരുന്നതുവരെ 1540 രൂപവെച്ചാണ് നികുതി അടച്ചത്.
നികുതിവര്‍ധന ശരിവെച്ച കോടതി മുന്‍കാലപ്രാബല്യത്തോടെ നികുതിയീടാക്കാന്‍ അനുമതിനല്‍കി. ബസുകള്‍ക്കുപുറമേ ഇക്കാലയളവില്‍ സംസ്ഥാനത്തേക്ക് വന്ന ചെറിയ വാഹനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ 25 കോടി രൂപക്കുമേല്‍ കുടിശ്ശികയുണ്ട്.
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കിട്ടാനുണ്ടായിരുന്ന 15 കോടിരൂപയില്‍ അഞ്ചുകോടിമാത്രമാണ് പിരിച്ചെടുത്തത്. മുത്തങ്ങയില്‍ എഴുകോടിയും മഞ്ചേശ്വരത്ത് 3.5 കോടിയും കിട്ടാനുണ്ട്. അമരവിളയില്‍ അഞ്ചുകോടി രൂപയാണ് കുടിശ്ശിക. ഇതില്‍ 70 ലക്ഷം രൂപ അടുത്തിടെ പിരിച്ചെടുത്തു. ഒറ്റത്തവണ വന്ന ചെറുവാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവ ഇനി സംസ്ഥാനത്തേക്ക് എത്താനിടയില്ല.
നികുതി കുടിശ്ശിക അടക്കാതെ ഓടാനാണ് ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ശ്രമിച്ചത്. കുടിശ്ശികയുള്ള ബസുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തി. കര്‍ണാടകയില്‍ രജിസ്റ്റര്‍ചെയ്ത ബസുകള്‍ ആന്ധ്രയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റി. സംസ്ഥാനത്തേക്ക് സര്‍വീസ് നടത്താനുള്ള സൗകര്യത്തിന് വീണ്ടും കര്‍ണാടകയിലെത്തിച്ച് റീ രജിസ്‌ട്രേഷന്‍ നേടി. പുതിയ രജിസ്‌ട്രേഷന്‍ നമ്പറിലാണ് ഈ ബസുകള്‍ സംസ്ഥാനത്തേക്ക് എത്തിയത്.
പഴയ രജിസ്‌ട്രേഷന്‍ നമ്പര്‍വെച്ച് കുടിശ്ശിക വരുത്തിയ വാഹനങ്ങള്‍ തേടിയ ഉദ്യോഗസ്ഥരെ ഇങ്ങനെ കബളിപ്പിച്ചു. എന്‍ജിന്‍, ഷാസി നമ്പറുകള്‍വെച്ച് ഇവ നികുതി കുടിശ്ശികയുള്ള പഴയ വാഹനങ്ങളാണെന്ന് കണ്ടെത്തിയെങ്കിലും ഉന്നതതല സ്വാധീനത്തില്‍ നടപടിയൊതുങ്ങി.
ചെക്ക്‌പോസ്റ്റുകളിലെ കംപ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിക്കാത്തതും പ്രശ്‌നമായി. 19 ചെക്കുപോസ്റ്റുകളാണ് സംസ്ഥാനത്തുള്ളത്. വാളയാറില്‍ നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ മുത്തങ്ങ, ഇരിട്ടി ചെക്കുപോസ്റ്റുകള്‍വഴി സംസ്ഥാനത്തേക്ക് കടന്നു.
സുരേഷ് കല്ലടര്‍ ഉള്‍പ്പെടെ വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബസുകളുടെ നികുതി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് നോട്ടീസ് അയച്ചുതുടങ്ങി. അഞ്ഞൂറിലധികം വാഹന ഉടമകള്‍ക്കാണ് നോട്ടീസ് നല്‍കിയത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close