ബെഞ്ച് മാര്‍ക്ക് അടിസ്ഥാനമാക്കി പലിശ നിരക്ക് നിശ്ചയിക്കാന്‍ ശുപാര്‍ശ

ബെഞ്ച് മാര്‍ക്ക് അടിസ്ഥാനമാക്കി പലിശ നിരക്ക് നിശ്ചയിക്കാന്‍ ശുപാര്‍ശ

രാംനാഥ് ചാവ്‌ല
മുംബൈ: എക്‌സ്‌റ്റേണല്‍ ബെഞ്ച് മാര്‍ക്ക് അടിസ്ഥാനമാക്കി അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുന്ന രീതി നടപ്പാക്കണമെന്ന് ആര്‍ബിഐ നിയോഗിച്ച, ജനക് രാജന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. ഇതോടെ റിസര്‍വ് ബാങ്ക് നിരക്ക് കുറക്കുന്നതിന് ആനുപാതികമായി ബാങ്കുകള്‍ വായ്പ പലിശ കുറക്കുന്നില്ലെന്ന ആരോപണം ഇനി ഉണ്ടാവില്ല. ട്രഷറി ബില്‍ റേറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്‌റേറ്റ്, ആര്‍ബിഐയുടെ റിപ്പോ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാകും വായ്പ പലിശ നിശ്ചയിക്കുക. 2018 ഏപ്രില്‍ ഒന്നുമുതല്‍ പുതിയ രീതി നിലവില്‍വന്നേക്കും. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയാണ് നിലവില്‍ ബാങ്കുകള്‍ അടിസ്ഥാന നിരക്ക് പരിഷ്‌കരിക്കുന്നത്. ആര്‍ബിഐയുടെ ക്രഡിറ്റ് പോളിസിയുമായി ബന്ധപ്പെട്ട്, ഈ രീതിയിലുള്ള പലിശ നിര്‍ണയം സമയബന്ധിതമായി ബാങ്കുകളുടെ അടിസ്ഥാന നിരക്കുകളില്‍ പ്രതിഫലിക്കുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും മതിയായ ഈടില്ലാത്ത വായ്പകള്‍ നല്‍കുന്നത് വന്‍ തോതില്‍ കുറച്ചിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറി. പേഴ്‌സണല്‍ വായ്പകള്‍ മുതല്‍ ഗൃഹോപകരണ വായ്പകള്‍ വരെ ഇപ്പോള്‍ വര്‍ധിക്കുകയാണ്. ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉടലെടുത്താന്‍ ഇത്തരം വായ്പകളുടെ തിരിച്ചടവ് അവതാളത്തിലാകാനും ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അത് വന്‍ തിരിച്ചടിയാകാനും സാധ്യതയുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മതിയായ ഈടില്ലാത്ത വായ്പകളില്‍ 20 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍ ഇതിന്റെ വളര്‍ച്ച 70 ശതമാനമാണ്. ഇക്കാലയളവില്‍ കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പകള്‍ 150 ശതമാനം വര്‍ധനയാണ് കൈവരിച്ചിരിക്കുന്നത്. ബജാജ് ഫിനാന്‍സ്, ഫുള്ളര്‍ട്ടണ്‍ കാപിറ്റല്‍ പോലുള്ള വന്‍കിട ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലോണ്‍ ബുക്കിന്റെ പകുതിയോളം ഇത്തരം വായ്പകള്‍ തന്നെയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close