പലിശ നിരക്ക് കൂട്ടിയേക്കും

പലിശ നിരക്ക് കൂട്ടിയേക്കും

രാംനാഥ് ചാവ്‌ല
മുംബൈ: ചില്ലറവില ആധാരമാക്കിയുള്ള നാണ്യപ്പെരുപ്പം നാലു മാസത്തെ ഉയര്‍ന്ന നിലയിലായതോടെ പലിശനിരക്ക് ഇനിയും കൂടുമെന്ന് ഉറപ്പായി. ഓഗസ്റ്റില്‍ ചേരുന്ന റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി നിരക്കുയര്‍ത്താന്‍ തീരുമാനിക്കുമെന്നാണു പൊതു വിലയിരുത്തല്‍.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശനിര്‍ണയ യോഗം ഇന്നലെ കഴിഞ്ഞു. പലിശവര്‍ധന ഉറപ്പാണെന്നാണു പൊതുവിലയിരുത്തല്‍. ഫെഡ് നിരക്കു കൂട്ടുന്നത് വികസ്വരരാജ്യങ്ങളില്‍നിന്നു മൂലധനം തിരിച്ചൊഴുകാന്‍ കാരണമാകും. ഇത് വലിയ ദോഷം വരുത്താതിരിക്കണമെങ്കില്‍ ഇവിടെയും പലിശ കൂടണം. അതുകൊണ്ടാണു കഴിഞ്ഞ യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയത്.
ഫെഡ് ഇപ്പോഴത്തെ വര്‍ധനകൊണ്ട് നില്‍ക്കില്ലെന്നാണു സൂചന. ഡിസംബറിനു മുമ്പ് ഒരു തവണകൂടി പലിശ കാല്‍ ശതമാനം വര്‍ധിപ്പിക്കുമെന്ന് പരക്കെ കരുതുന്നു. അതു മുന്‍കൂട്ടിക്കണ്ട് ഓഗസ്റ്റില്‍ റിസര്‍വ് ബാങ്ക് പലിശ കൂട്ടേണ്ടിവരും. ചില്ലറ വിലക്കയറ്റത്തിലെ വര്‍ധന അതിനു പ്രേരണയുമാകും.
ഇതിനിടെ രൂപയുടെ വില പിടിച്ചുനിര്‍ത്താനും പലിശ കൂട്ടിയേ മതിയാകൂ എന്നായിട്ടുണ്ട്. ഏപ്രിലില്‍ രൂപയെ താങ്ങിനിര്‍ത്താന്‍ 248 കോടി ഡോളറാണു റിസര്‍വ് ബാങ്ക് വിറ്റത്. മേയില്‍ അതിനേക്കാള്‍ വളരെക്കൂടുതല്‍ ഡോളര്‍ വില്‍ക്കേണ്ടിവന്നു. പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ വിദേശികള്‍ പെട്ടെന്നു പണം പിന്‍വലിക്കില്ല. അതും പലിശവര്‍ധനക്കു പ്രേരണയാകും.
ഇതിനിടെ, പാക്കിസ്ഥാനിലെ രൂപയ്ക്കു വലിയ വിലയിടിവുണ്ടായത് ഇന്ത്യയെയും വിഷമിപ്പിക്കും. ഡിസംബറിനു ശേഷം പാക് രൂപയുടെ വില 14 ശതമാനം ഇടിഞ്ഞു. ഇപ്പോള്‍ ഡോളറിനു 120 പാക് രൂപ കിട്ടും. ഇന്ത്യപാക് വാണിജ്യം ഇപ്പോള്‍ കുറവായതാണ് ഇന്ത്യക്ക് ആശ്വാസം.

Post Your Comments Here ( Click here for malayalam )
Press Esc to close