പലിശ നിരക്കുകള്‍ ഇനി ഉയര്‍ന്നേക്കും

പലിശ നിരക്കുകള്‍ ഇനി ഉയര്‍ന്നേക്കും

വിഷ്ണു പ്രതാപ്
മുംബൈ: മൂന്നു വര്‍ഷമായി താഴോട്ടായിരുന്നു പലിശ നിരക്കുകളുടെ ഗതി ഉയരുമെന്ന് സൂചന. 2015 ജനുവരിയില്‍ റിസര്‍വ് ബാങ്ക് റീപോ നിരക്ക് കുറച്ചു തുടങ്ങി. കഴിഞ്ഞ ഓഗസ്റ്റ് വരെ റീപോ നിരക്കില്‍ രണ്ടു ശതമാനം കുറവാണുണ്ടായത്. പിന്നീട് ഒക്‌ടോബറിലും ഡിസംബറിലും റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി നിരക്കില്‍ മാറ്റം വരുത്തിയില്ല.
ഇതിനിടെ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നു തുടങ്ങി. ഒക്‌ടോബറില്‍ 3.58 ശതമാനമായിരുന്നു ചില്ലറ വിലക്കയറ്റം. നവംബറില്‍ അത് 4.88 ശതമാനമായി.
ക്രൂഡ് ഓയില്‍ വില നിത്യേന കയറുന്നതിനനുസരിച്ച് രാജ്യത്ത് ഇന്ധനവില കൂട്ടുന്നുണ്ട്. ഇതും ചില കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം കുറഞ്ഞതും ചില്ലറ വിലക്കയറ്റം ഇനിയും കൂടാന്‍ ഇടയാക്കും. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിരിച്ചടി കര്‍ഷകര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കും. സംഭരണവിലയോ താങ്ങുവിലയോ വര്‍ധിപ്പിച്ചെന്നു വരാം. അതും ചില്ലറ വിലക്കയറ്റം വര്‍ധിക്കാനിടയാക്കും.
ഈ സാഹചര്യത്തില്‍ മാര്‍ച്ചിനുശേഷം റീപോ നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കും എന്നാണ് പരക്കെ കരുതപ്പെടുന്നത്. ഗവണ്‍മെന്റിന്റെ ധനകമ്മി നേരത്തേ കണക്കാക്കിയ 3.2 ശതമാനത്തിലും അധികമാകും എന്നു നിഗമനമുണ്ട്. ഇതും പലിശനിരക്കു കൂടാന്‍ കാരണമാകും. ഇപ്പോള്‍ ആറു ശതമാനത്തിലാണ് അടിസ്ഥാനപലിശ നിരക്കായ റീപോ.
ഇതിനിടെ രണ്ടു സ്വകാര്യ ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ നേരിയതോതില്‍ വര്‍ധിപ്പിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്കും യെസ് ബാങ്കുമാണു പലിശ 0.05 മുതല്‍ 0.25 വരെ ശതമാനം വര്‍ധിപ്പിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close