ഇന്‍സ്റ്റഗ്രാമിന്റേയും മെസഞ്ചറിന്റേയും ചാറ്റിങ് സേവനങ്ങള്‍ ലയിക്കുന്നു

ഇന്‍സ്റ്റഗ്രാമിന്റേയും മെസഞ്ചറിന്റേയും ചാറ്റിങ് സേവനങ്ങള്‍ ലയിക്കുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: ഇന്‍സ്റ്റഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷനുകളിലെ മെസേജിംഗ് സംവിധാനവും ലയിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ അധീനതയിലുള്ള ഇന്‍സ്റ്റഗ്രാമും മെസഞ്ചറും യോജിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് എന്നാണ് സൂചന. ഐഓഎസിലും, ആന്‍ഡ്രോയിഡിലുമുള്ള ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനില്‍ പുതിയ അപ്‌ഡേറ്റ് സ്‌ക്രീന്‍ പ്രത്യക്ഷപ്പെട്ടതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു. ഈ അപ്‌ഡേഷന്‍ പ്രാവര്‍ത്തികമായാല്‍ ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കാന്‍ ഒരു പുതിയ രീതിനിലവില്‍ വരും. കാഴ്ചയില്‍ കൂടുതല്‍ വര്‍ണാഭമായിരിക്കും. കൂടുതല്‍ ഇമോജി റിയാക്ഷനുകള്‍ ഉണ്ട്. സൈ്വപ്പ് റ്റു റിപ്ലൈ ഓപ്ഷന്‍, ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് തന്നെ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയുണ്ടാവും. ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കാന്‍ ഉപയോഗിക്കുന്ന ഐക്കണ്‍ നീക്കം ചെയ്ത് അവിടെ ഫെയ്‌സ്ബുക്ക് മെസഞ്ചറിനെ പുന:സ്ഥാപിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
2012ലാണ് ഒരു ബില്യന്‍ ഡോളറിനാണ് ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാം വാങ്ങിയത്. ശേഷം 2014ല്‍ 19 ബില്ല്യന്‍ ഡോളറിന് വാട്‌സ്ആപും സ്വന്തമാക്കി. 3.4 ബില്ല്യന്‍ ഉപഭോക്താക്കളുള്ള ഫെയ്‌സ്ബുക്ക് അവരുടെ മെസഞ്ചര്‍ റൂം വാട്‌സ്ആപ്പുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ വാട്‌സാപ്പിലൂടെ 50 പേരടങ്ങുന്ന ഗ്രൂപ്പ് വീഡിയോ കോളുകള്‍ സാധ്യമാണ്.
ഇങ്ങനെ ഒരുക്കുന്ന പരസ്പര ബന്ധതമായ മെസേജിങ് സംവിധാനം എന്റ് റ്റു എന്റ് എന്ക്രിപ്റ്റഡ് ആയിരിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് വാഗ്ദാനം ചെയ്യുന്നത്. ലോകത്തെ ജനപ്രിയങ്ങളായ മൂന്ന് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്നതിലൂടെ ആപ്പിളിന്റെ ഐമെസേജ് സേവനവുമായി നേരിട്ട് മത്സരിക്കാന്‍ ഫെയ്‌സ്ബുക്കിനാവും.

Post Your Comments Here ( Click here for malayalam )
Press Esc to close