സിക്ക രാജിവെച്ചതിന് പിന്നാലെ ഇന്‍ഫോസിസ് ഓഹരി തിരിച്ചെടുക്കുന്നു

സിക്ക രാജിവെച്ചതിന് പിന്നാലെ ഇന്‍ഫോസിസ് ഓഹരി തിരിച്ചെടുക്കുന്നു

രാംനാഥ് ചാവ്‌ല
മുംബൈ: ചീഫ് എക്‌സിക്യുട്ടീവ് പദവിയില്‍ നിന്ന് വിശാല്‍ സിക്ക രാജിവച്ചതിനു പിന്നാലെ ഇന്‍ഫാസിസ് ഓഹരി കൂട്ടത്തോടെ തിരിച്ചെടുക്കുന്നു. 13,000 കോടി രൂപയുടെ ഓഹരിയാണ് തിരിച്ചുവാങ്ങുന്നത്. ഓഹരി ഒന്നിന് 1,150 രൂപ നിരക്കിലാണ് ഇടപാടുകാരില്‍ നിന്ന് തിരിച്ചെടുക്കുന്നത്. 113 ദശലക്ഷം ഓഹരികളണ് തിരിച്ചെടുക്കുന്നത്.
സിക്കയുടെ അപ്രതീക്ഷിത രാജി ഇന്‍ഫോസിസിന് വലിയ തിരിച്ചടിയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രത്യാഘാതം മറികടക്കാനാണ് ഓഹരി തിരിച്ചുവാങ്ങല്‍ നടപടിക്ക് കമ്പനി തയ്യാറായത്. 36 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്‍ഫോസിസ് ഓഹരി ഉടമകള്‍ ഭീമമായ നഷ്ടം നേരിട്ടതിനു പിന്നാലെയാണ് ഈ തീരുമാനം.
നിലവില്‍ ഒരു ഓഹരിക്ക് 923 രൂപയോളമാണ് വിപണി മൂല്യം. ഇടപാടുകാര്‍ക്ക് 230 രൂപയോളം അധികമായി നല്‍കിയാണ് തിരിച്ചെടുക്കല്‍. വെള്ളിയാഴ്ചത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 25% ഉയര്‍ന്ന തുകയ്ക്കാണ് തിരിച്ചെടുക്കുന്നത്. ഈ നടപടികള്‍ക്കായി ഇന്‍ഫോസിസ് ബോര്‍ഡ് ഏഴംഗ സമിതിയെ നിയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇന്‍ഫോസിസിലെ നിക്ഷേപകര്‍ക്ക് സിക്കയുടെ രാജികൊണ്ട് ഒറ്റ ദിവസത്തിനുള്ളില്‍ നഷ്ടമായത് 22,000 കോടി രൂപയാണ്. നാരായണ മൂര്‍ത്തിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള ഇന്‍ഫി ഓഹരി മൂല്യത്തിലുണ്ടായ നഷ്ടം 750 കോടിയോളം വരും. ഇന്‍ഫോസിസിന്റെ ഓഹരികളില്‍ 12.75% ഓഹരികള്‍ ഉടമകളുടെ കൈവശമാണ്.
ആദ്യമായാണ് കമ്പനി ബൈബാക്ക് നയം സ്വീകരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 13,000 കോടി മുടക്കി ഓഹരി തിരിച്ചെടുക്കുമെന്ന് ഏപ്രിലില്‍ കമ്പനി അറിയിച്ചിരുന്നു.
നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സിക്ക അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. നിലവിലെ സിഒഒ പ്രവീണ്‍ റാവു ആണ് താത്ക്കാലിക സിഇഒ. പുതിയ എം.ഡിയേയും സിഇയേയും കണ്ടെത്തുന്നതിനായി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സിക്ക കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ആയി തുടരും.

Post Your Comments Here ( Click here for malayalam )
Press Esc to close