മലയാളത്തില്‍ പുതിയ സിനിമാ നിര്‍മാണ കമ്പനി രുപീകരിക്കുന്നു

മലയാളത്തില്‍ പുതിയ സിനിമാ നിര്‍മാണ കമ്പനി രുപീകരിക്കുന്നു

 

മലയാള സിനിമയിലെ താര സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും പുതിയ നിര്‍മാണ കമ്പനിക്ക് രൂപം കൊടുക്കുന്നതായി സൂചന. ബിഗ് ബജറ്റ് സിനിമകള്‍ ലക്ഷ്യമിട്ടുള്ള പുതിയ നിര്‍മാണ കമ്പനിയായിരിക്കും ഇരുവരും ചേര്‍ന്ന് രൂപീകരിക്കുക. വമ്പന്‍ ബജറ്റില്‍ ബഹുഭാഷ ചിത്രങ്ങള്‍ ലോക നിലവാരത്തില്‍ ചിത്രീകരിക്കുക എന്ന ലക്ഷ്യം കൂടി പുതിയ നിര്‍മാണ കമ്പനിക്ക് പിന്നിലുണ്ടെന്നാണ് അറിയുന്നത്. ഏതായാലും ഇതിന് മുന്നോടിയായി 2010ല്‍ രൂപം കൊണ്ട ഓഗസ്റ്റ് സിനിമ എന്ന നിര്‍മാണ കമ്പനിയില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയെന്നാണ് വിവരം. ഓഗസ്റ്റ് സിനിമയില്‍ നിന്നും പിന്മാറുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്.
കമ്പനിയുടെ ആദ്യ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാലായിരിക്കുമെന്നാണ് സൂചന. നിര്‍മാണ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം ഈ ചിത്രവും ഉണ്ടാകുമെന്നാണ് അറിയുന്നത്. 100 കോടിയിലധികം ചെലവ് വരുന്നതായിരിക്കും ചിത്രം. ഇതുവരെ പേര് പുറത്ത് വിട്ടിട്ടില്ലാത്ത ഈ നിര്‍മാണ കമ്പനിയേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇരുതാരങ്ങളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എങ്കിലും ഈ വര്‍ഷം തന്നെ കമ്പനി യാഥാര്‍ത്ഥ്യമാകുമെന്നാണ് ലഭ്യമായ വിവരം.
മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ നിര്‍മിച്ച നിര്‍മാണ കമ്പനിയാണ് ഓഗസ്റ്റ് സിനിമാസ്. പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് 2010ല്‍ ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ആയിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭം.
പുലിമുരുകന്‍ എന്ന ഒറ്റ ചിത്രത്തിന്റെ ശതകോടി പിന്നിട്ട നേട്ടം തമിഴിനും തൊലുങ്കിനുമൊപ്പം മലയാളത്തേയും എത്തിച്ചു. ഇത് തന്നെയാണ് മലയാളത്തില്‍ മികച്ച വന്‍ബജറ്റ് ചിത്രങ്ങള്‍ എന്ന ആശയത്തിലേക്ക് ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും നയിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close