ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് പാക്കിസ്ഥാന്‍

ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് പാക്കിസ്ഥാന്‍

അളക ഖാനം-
ലാഹോര്‍: ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ തിയയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് പൂര്‍ണമായും നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് സിനിമ നിര്‍മാതാക്കളുടെ അസോസിയേഷന്‍ രംഗത്ത്. പാക്കിസ്ഥാനി സിനിമകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് പാക്കിസ്ഥാനിലെ വിതരണക്കാര്‍ പണമുണ്ടാക്കുന്നുവെന്നും സംഘടനാ ഭാരവാഹി ചൗധരി ഇജാസ് കമ്രാന്‍ ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനിലെ സിനിമ വ്യവസായത്തിന്റെ നിലനില്‍പ്പിനെ കരുതി ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണം. അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് മുന്‍ഗണന ലഭിക്കുകയും പ്രദേശിക സിനിമകള്‍ വ്യവസായത്തെ ദോഷമായി ബാധിക്കുകയും ചെയ്യും. വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രിയോടു ആവശ്യപ്പെട്ടതായും കമ്രാന്‍ പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെ പാക് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ഇന്ത്യന്‍ സിനിമകള്‍ വിലക്കുന്നതിനെതിരെ സംഘടന ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇന്ത്യന്‍ സിനിമകള്‍ നിരോധിക്കുന്നതിന് പകരം പ്രാദേശികമായ ചിത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള പരിഹാരമാര്‍ഗമാണ് കാണേണ്ടതെന്ന് അസോസിയേഷന്‍ പറഞ്ഞു.
1965ലെ യുദ്ധത്തിനു ശേഷം പാക്കിസ്ഥാനില്‍ 43 വര്‍ഷത്തോളം ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. പിന്നീട് 2008 മുതലാണ് ബോളിവുഡ് സിനിമകള്‍ പാക് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close