ഇന്ത്യന്‍ സാമ്പത്തികരംഗം തകര്‍ച്ചയുടെ വക്കില്‍: രഘുറാം രാജന്‍

ഇന്ത്യന്‍ സാമ്പത്തികരംഗം തകര്‍ച്ചയുടെ വക്കില്‍: രഘുറാം രാജന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗം തകര്‍ച്ചയുടെ വക്കിലെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യയുടെ സാമ്പത്തികമേഖലയിലെ മാന്ദ്യം ആശങ്കപ്പെടുത്തുന്നതാണെന്നും ഈ മെല്ലെപ്പോക്ക് ഗുരുതരമാണെന്നാണും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാജന്‍ പറഞ്ഞു.
ഇപ്പോള്‍ സമ്പദ് വസ്ഥയില്‍ ഉണ്ടായിരിക്കുന്ന മെല്ലെപ്പോക്ക് വളരെ ഗുരുതരമാണ്. സ്വകാര്യ മേഖലയില്‍ നടന്നിട്ടുള്ള നിരവധിയായ വിശകലനങ്ങളില്‍ വ്യത്യസ്ത തരത്തിലാണ് സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം കേന്ദ്രസര്‍ക്കാരിന്റെ പ്രവചനങ്ങള്‍ക്കു ഘടകവിരുദ്ധമാണ്. ഊര്‍ജ രംഗത്തും ബാങ്കിംഗ് ഇതര സാമ്പത്തിക മേഖലിയിലുമുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഉടനെ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2008ലെ പ്രതിസന്ധിയെ മറികടക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഉപയോഗിക്കരുത്. അമേരിക്കയും ചൈനയും സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള തയാറെടുപ്പ് നടത്തിയിട്ടുണ്ട്. നമുക്കും പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്ന രീതി മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ മുന്‍നിരയിലുള്ള സമ്പദ്ഘടനകള്‍ അടുത്തയിടെ പുറത്തുവിട്ട കണക്കുകള്‍ മാന്ദ്യത്തിന്റെ വക്കിലാണെന്ന സൂചനയാണ് നല്‍കുന്നത്. മുന്‍നിര സമ്പദ്ഘടനകളും ജി 20 ഗ്രൂപ്പില്‍ വരുന്നതുമായ രാജ്യങ്ങളുടെ സമ്പദ്ഘടനകളില്‍ നല്ലൊരു പങ്കിന്റെയും ജിഡിപി ചുരുങ്ങുകയോ നേരിയ വളര്‍ച്ചയിലോ ആണ്. യുഎസ് ചൈന വ്യാപാരയുദ്ധവും കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകുന്നതും ലോക സമ്പദ്ഘടനയെ മാന്ദ്യത്തിലേക്കു തള്ളിവിടുകയാണ്. ഇതിന്റ ഫലമായി ആഗോള നിര്‍മാണ മേഖല വലിയ തളര്‍ച്ചയിലുമാണ്.
2009നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയിലേക്ക് ആഗോള ജിഡിപി എത്തുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് (ഐഎംഎഫ്) ഏറ്റവുമൊടുവില്‍ വിലയിരുത്തുന്നത്. നടപ്പുവര്‍ഷത്തെ ആഗോള സാന്പത്തികവളര്‍ച്ച 3.2 ശതമാനവും 2020ല്‍ 3.5 ശതമാനവുമാണ് ഐഎംഎഫ് അനുമാനിക്കുന്നത്.
ആഗോളതലത്തില്‍ സമ്പദ്ഘടനകള്‍ കടുത്ത ക്ഷീണം കാണിക്കുകയാണെന്നും യുഎസ് ചൈനാ വ്യാപാരയുദ്ധം രൂക്ഷമായാല്‍ ഒരുപക്ഷെ, അടുത്തഘട്ടം മാന്ദ്യമാകാമെന്നും ആഗോള നിക്ഷേപകസ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി മുന്നറിയിപ്പു നല്‍കുന്നു. നിക്ഷേപകസ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്കയുടെ വിലയിരുത്തലും അതുതന്നെയാണ്.
ഇന്ത്യ മാന്ദ്യത്തിലേക്കു വീഴുകയില്ലെങ്കിലും വളര്‍ച്ചാത്തോത് ഗണ്യമായി കുറയുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത്. മൂന്നു ക്വാര്‍ട്ടറുകളായി ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാത്തോത് കുറഞ്ഞുവരികയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close